25 വർഷമായി മെഹന്തി നിർമ്മാണത്തിൽ സജീവമാണ് കാസർകോട് ഉപ്പള സ്വദേശി ഷെയ്ഖ് അക്തറും കുടുംബവും. രാസപദാർഥങ്ങൾ ഒന്നും ചേർക്കാത്തതും കലർപ്പില്ലാത്തതുമായ മെഹന്ദി കൂട്ടാണ് തങ്ങളുടെ വിജയരഹസ്യം എന്നാണ് ഇവർ പറയുന്നത്. ഈ റമസാൻ മാസത്തിലും സെബാ ദുൽഹൻ മെഹന്തി വിപണി കീഴടക്കുകയാണ്.
യുപിയിൽ നിന്നാണ് അക്തറിന്‍റെ കുടുംബം കാസർകോട് എത്തുന്നത്. മുംബൈയിൽ നിന്ന് മെഹന്തി നിർമിക്കാൻ പഠിച്ചു. ഇത് സെബാ ദുൽഹൻ മെഹന്തിയുടെ 25ആം വർഷം. റമസാൻ കാലമായാൽ ഇസ്ലാക്കും സദ്മാനും ആരിഫുമെല്ലാം യുപിയിൽ നിന്ന് ഉപ്പളയിലെത്തും. പിന്നെ ഒരു മാസക്കാലം അക്തറിനൊപ്പം ചേർന്ന് മെഹന്തി നിർമാണം. രാജസ്ഥാനിൽ നിന്നും പൊടിച്ചെടുത്ത് കൊണ്ടുവരുന്ന മൈലാഞ്ചി ഉപ്പളയിലെ ഫാക്ടറിയിലെത്തിച്ച് നീലഗിരി എണ്ണ ഉൾപ്പെടെയുള്ള സാധനങ്ങൾ ചേർത്ത് പരിശുദ്ധമായ രീതിയിലാണ് തയ്യാറാക്കുന്നത്. പാക്കറ്റിലും ട്യൂബിലുമായി വിപണിയിലെത്തിക്കും.
കൃത്രിമ വസ്തുക്കൾ ഒന്നും ചേർക്കാത്തതിനാൽ മെഹന്തിക്ക് നല്ല ഡിമാൻഡാണെന്നാണ് അക്തർ പറയുന്നത്. കൈക്കും നഖത്തിലും തലയ്ക്കും പ്രത്യേകം പ്രത്യേകം മെഹന്ദി കൂട്ടാണ് തയ്യാറാക്കുന്നത്.