ചുവരെഴുത്തില്ലാതൊരു തിരഞ്ഞെടുപ്പില്ല. പക്ഷേ കൊച്ചി വൈപ്പിനിലാണ് യഥാര്‍ഥ ചുവരെഴുത്ത്.  ഇവിടെ വീടിന്‍റെ ചുവരാകെ കോണ്‍ഗ്രസിന് സമര്‍പ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് മതിലിന്‍റെ ഉടമകള്‍ക്ക് ഒരൊറ്റ ചുവരെഴുത്തേയുള്ളൂ. പരസ്യം പാടില്ല. പക്ഷേ ചുവരെഴുതാന്‍ കൊടുക്കാന്‍ മടിക്കുന്നവര്‍ക്കിടയിലെ വിശാലഹൃദയനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറികൂടിയായ നോബിള്‍ മാത്യു. പക്ഷേ ചുവരെഴുത്ത് സ്വന്തം പാര്‍ട്ടിക്കുവേണ്ടി മാത്രം . 

 

മതിലെന്നല്ല ഒരിഞ്ചുവിടാതെ വീടിന്‍റെ ചുമരിലാകെ കോണ്‍ഗ്രസ് മയമാണ് . എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈബിയില്‍ തുടങ്ങി  ദേശീയ നേതാക്കളായ രാഹുലും പ്രിയങ്കയുമെല്ലാമുണ്ട് ചുവരില്‍. തദ്ദേശതിരഞ്ഞെടുപ്പ് മുതല്‍ ഭാരത് ജോഡോ യാത്രവരെ  പ്രധാനരാഷ്ട്രീയസംഭവങ്ങളെല്ലാം  നോബിള്‍ സ്വന്തം നാട്ടുകാരെ അറിയിക്കുന്നത് ഈ വിധമാണ്. 

 

പഞ്ചായത്ത് തിരഞ്ഞെടുപ്പിനാണ് ആദ്യമായി പെയിന്‍റ് അടിക്കുന്നത്. പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്ര സമയത്തും പെയിന്‍റ് അടിച്ചു. നാട്ടുകാരുടെ കളിയാക്കലുകളൊന്നും നോബിള്‍ ശ്രദ്ധിക്കുന്നില്ല. സ്വന്തം രാഷ്ട്രീയ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നോബിള്‍ കണ്ട ഏറ്റവും നല്ല വഴി ഇതുതന്നെ. ഇനി കരിയോയിലൊഴിച്ച് രാഷ്ട്രീയ എതിരാളികളൊരു പകപോക്കലിന് ശ്രമിച്ചാലും വിലപ്പോകില്ല . ചുവരെഴുതിയിരിക്കുന്നത് നല്ല നിലവാരത്തില്‍ തന്നെയാണ്.

 

രാഹുലിന്‍റെ ചിത്രം വരക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പലരും പറഞ്ഞിരുന്നെന്നും നോബിള്‍ പറയുന്നു. ഇതുകൊണ്ടു തന്നെ രാത്രിയില്‍ ലൈറ്റ് ഇട്ടാണ് കിടക്കുന്നത്. സ്വന്തം നിലയിലാവിഷ്കരിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചെലവും നോബിള്‍ കണ്ടെത്തിയിരിക്കുന്നത് സ്വന്തം പോക്കറ്റില്‍ നിന്ന് തന്നെയാണ്.