udfchinam

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് ഇന്ന് ചിഹ്നം കിട്ടും. ഓട്ടോറിക്ഷ ചിഹ്നമാണ് കേരള കോൺഗ്രസ് ജോസഫിന്‍റെ പ്രഥമ പരിഗണനയിലുള്ളത്. മുൻപ് മത്സരിച്ച് ജയിച്ചിട്ടുള്ള ട്രാക്ടർ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ലിസ്റ്റിൽ ഇല്ലാത്തതിനാൽ ഓട്ടോറിക്ഷയ്ക്ക് പരിഗണന നൽകുകയായിരുന്നു

 

രണ്ടില ചിഹ്നം മുൻനിർത്തി പ്രചാരണം നടത്തുന്ന എൽഡിഎഫിനൊപ്പം ഇഞ്ചോടിഞ്ച് പോരാടാൻ  യുഡിഎഫിന്‍റെ ഓട്ടോറിക്ഷ ചിഹ്നം ഇന്ന് കിട്ടും... കർഷകരെ പ്രതിനിധീകരിക്കുന്ന ട്രാക്ടർ ചിഹ്നമായിരുന്നു പ്രഥമ പരിഗണനയിൽ ഉണ്ടായിരുന്നത്. സാധാരണക്കാരന്‍റെ വാഹനമായ ഓട്ടോറിക്ഷ  സാധാരണക്കാരുടെ മനസ്സിലേക്കും കൂട്ടിക്കൊണ്ടു പോകുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.. രണ്ടാമത്തെ പരിഗണനയിൽ ഉള്ളത് ഗ്യാസ് സിലിണ്ടർ ചിഹ്നമാണ്. ചിഹ്നം തിരഞ്ഞെടുക്കുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കിടയിൽ യുഡിഎഫ് സ്വതന്ത്രനായ ഫ്രാൻസിസ് ജോർജിനായിരിക്കും പ്രഥമ പരിഗണന കിട്ടുക.

മറ്റൊരു സ്വതന്ത്രൻ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ജോസഫ് ഗ്രൂപ്പിന്‍റെ തന്നെ ഓട്ടോറിക്ഷ കിട്ടിയേക്കും. ചിഹ്നം കിട്ടുന്നതോടെ വിപുലമായ പ്രചാരണ പരിപാടികൾക്കാണ് യുഡിഎഫ് ആലോചിക്കുന്നത്.  രണ്ടില ചിഹ്നത്തെ മറികടന്ന് യുഡിഎഫ് ചിഹ്നം വോട്ടർമാരുടെ മനസ്സിൽ ഇടം പിടിക്കണം. എളുപ്പം മനസ്സിൽ കയറുന്ന ചിഹ്നത്തിനൊപ്പം കോട്ടയം കയറ്റം എളുപ്പമാക്കാം എന്നാണ് യുഡിഎഫ് ക്യാമ്പിലെ കണക്കുകൂട്ടൽ.