വൈക്കം വെച്ചൂര്‍ ദേവിവിലാസം സ്കൂളില്‍ കെട്ടിടം പണിയുന്നതിനായി തറക്കല്ലിട്ട് ഒരു വര്‍ഷമായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് പരാതി. പഴയ കെട്ടിടം പൊളിച്ച് നീക്കിയതോടെ ഷീറ്റിട്ട കെട്ടിടങ്ങൾക്ക് താഴെയിരുന്ന പഠിക്കേണ്ട ഗതികേടിലാണ് കുട്ടികൾ. നടപടിയെടുക്കേണ്ട ജനപ്രതിനിധികള്‍ തിരിഞ്ഞ് നോക്കുന്നത് പോലുമില്ലെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. ഹയര്‍ സെക്കന്‍ററി ബ്ലോക്ക് നിര്‍മിക്കുന്നതിനായാണ് പണം അനുവദിച്ചത്.
ഒരു വർഷത്തിനകം കെട്ടിടം പൂർത്തിയാകുമെന്നായിരുന്നു തറക്കല്ലിടല്‍ സമയത്തെ പ്രഖ്യാപനം.സ്ഥലത്തുണ്ടായിരുന്ന നാല് ക്ലാസ്മുറികളും അഞ്ച് ശുചിമുറികളും പൊളിച്ചാണ് പുതിയ കെട്ടിടത്തിന് കല്ലിടീല്‍ നടത്തിയത്. ഒരു വർഷം തികയുമ്പോൾ പണി തുടങ്ങിയില്ലെന്ന് മാത്രമല്ല സ്കൂൾ ലാബിലും, ലൈബ്രറിയിലും വരെ ഇരുത്തി കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേടിലാണ് അദ്ധ്യാപകർ. പഠനം ദുസഹ സാഹചര്യങ്ങളിലായതോടെ ഈ വർഷം 50 കുട്ടികള്‍ മറ്റ് സ്കൂളുകള്‍ തേടിപ്പോയി.
വേണ്ടത്ര ശുചിമുറി സൗകര്യ മില്ലാത്തതിനാൽ നൂറു കണക്കിന് കുട്ടികൾക്ക് മൂത്രാശയ രോഗങ്ങൾ ബാധിച്ചതായും പിടിഎ ഭാരവാഹികൾ പറയുന്നു. ഒന്നു മുതൽ പ്ലസ്ടു വരെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം നിലവിൽ 950 ആയി കുറഞ്ഞുവെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.