Nellu

കർഷക രജിസ്ട്രേഷനിൽ പിഒ എന്ന് രേഖപ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞ് അമ്പലപ്പുഴയിൽ നെല്ല് സംഭരണം മുടങ്ങി. കൊയ്തെടുത്ത 22 ലക്ഷത്തിലധികം രൂപയുടെ നെല്ല് 3 ദിവസമായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു. വേനല്‍മഴ പെയ്താൽ നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ.  അമ്പലപ്പുഴ നീർക്കുന്നം നാനേകാട് പാടശേഖരത്തിൽ കൊയ്ത 800 ഓളം ക്വിന്‍റൽ നെല്ലാണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. ഓൺലൈനായി കർഷകർ നടത്തിയ രജിസ്ട്രേഷനിൽ പിഒ എന്ന് രേഖപ്പെടുത്തിയിരുന്നില്ല. മേൽവിലാസവും പിൻ കോഡ്‌സഹിതം മറ്റെല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിഒ എന്നെഴുതാതിരുന്നതിനാൽ കർഷക റജിസ്ട്രേഷൻ പൂർത്തിയാകാത്തതിനാൽ മില്ലുകളെ സംഭരണത്തിന് അനുവദിക്കാൻ കഴിഞ്ഞില്ല. ഇതോടെ മൂന്നു ദിവസം മുൻപ് കൊയ്തെടുത്ത 800 ക്വിന്‍റൽ നെല്ലിന്‍റെ സംഭരണം തടസപ്പെട്ടു. 

40 ഏക്കറുള്ള ഇവിടെ 38 ഓളം കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനത്തിന്‍റെ ഫലമാണ് റോഡരികിൽ കിടക്കുന്നത്. വേനൽ മഴയുണ്ടായാൽ നെല്ല് നശിക്കുമെന്ന ആശങ്കയാണ് കർഷകർക്ക്. ഏക്കറില്‍ നാൽപ്പതിനായിരം രൂപ വരെ ചെലവിട്ടാണ് കൃഷി ചെയ്തത്.കൊയ്ത്ത് ഭൂരി ഭാഗവും പൂർത്തിയായി. സാങ്കേതിക തകരാറ് പരിഹരിച്ച് കൃഷി ഭവനിൽ നിന്ന് തിരുത്തി അയച്ചിട്ടുണ്ടെങ്കിലും സംഭരണം ഇതുവരെ ആരംഭിച്ചിട്ടില്ല. 

Paddy storage stalled in Ambalapuzha.