ev-charging

വൈകുന്നേരം ആറുമുതല്‍ പന്ത്രണ്ടുവരെ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജുചെയ്യരുതെന്ന കെ.എസ്.ഇ.ബിയുടെ നിര്‍ദ്ദേശം ഇ–വാഹന ഉടമകളെ ബുദ്ധിമുട്ടിലാക്കുന്നു. പകല്‍ വാഹനം ഉപയോഗിച്ചശേഷം അടുത്തദിവസത്തെ ഉപയോഗത്തിന് വീട്ടില്‍ ചാര്‍ജുചെയ്യുന്നവരെയാണ് വൈദ്യുതി ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പ്രതികൂലമായി ബാധിക്കുന്നത്. ഇ–വാഹനങ്ങള്‍ വ്യാപകമായത് വൈദ്യുതി ഉപഭോഗം കൂടാനും കാരണമായിട്ടുണ്ട്.

 

കാര്‍ കമ്പനികള്‍ വീടുകളില്‍ സ്ഥാപിച്ച് നല്‍കുന്നത് 1.7  കിലോവാട്ട് മതുല്‍  3.4 കിലോവാട്ട് വരെ ശേഷിയുള്ള ചാര്‍ജറുകളാണ്. 7.4 കിലോവാട്ട് മുതല്‍  11 കിലോവാട്ട് വരെയുള്ള ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ചിലകമ്പനികള്‍ നല്‍കുന്നുണ്ട്. മൊത്തം ചാര്‍ജുതീര്‍ന്ന കാര്‍ എട്ടുമണിക്കൂര്‍ ചാര്‍ജുചെയ്യേണ്ടിവരും.  ഇത്രയും സമയം കൊണ്ട് 35 യൂണിറ്റ് മുതല്‍ 55 യൂണിറ്റ് വരെ വൈദ്യുതി വേണ്ടിവരും. എയര്‍ കണ്ടീഷണറുകള്‍ എട്ടുമണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ രണ്ടുയൂണിറ്റ് വരെ വൈദ്യുതിയാണ് ആവശ്യമായി വരിക.  ഇ–വാഹനങ്ങള്‍ക്ക് എ.സിയെക്കാള്‍ കൂടുതല്‍ വൈദ്യുതി വേണ്ടിവരുമെന്ന് സാരം. 

 

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് 1കിലോവാട്ട് മുതല്‍ 1.6 കിലോവാട്ട് വരെ ശഷിയുള്ള ചാര്‍ജറുകളാണ് വീടുകളില്‍ ഉപയോഗിക്കുന്നത്.  അഞ്ച് സ്കൂട്ടറുകള്‍ ചാര്‍ജുചെയ്യുന്ന വൈദ്യുതി ഒരുകാറിന് വേണ്ടിവരുന്നു. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി വാഹനങ്ങള്‍ പീക്ക് സമയത്ത് ചാര്‍ജുചെയ്യരുതെന്ന വൈദ്യുതി ബോര്‍ഡിന്റെ അഭ്യര്‍ഥന. വൈദ്യുതി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടിവരും.