Tharoor-DK

തലസ്ഥാനത്ത് ശശി തരൂരിന്റെ പ്രചാരണത്തിന് ആവേശം പകർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. സമയക്കുറവ് മൂലം റോഡ് ഷോയിൽ മുഴുവൻസമയവും പങ്കെടുക്കാനായില്ലെങ്കിലും എതിർസ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി പരിഹസിച്ചാണ് ശിവകുമാർ മടങ്ങിയത്.   

ടോപ്പ്ഗിയറിലോടുന്ന പ്രചാരണത്തിന് കൊഴുപ്പേകുന്നത് താരനേതാക്കളാണ്. തലസ്ഥാനത്ത് ഡി.കെ. എത്തിയപ്പോൾ വൈകിയെങ്കിലും ആവേശം ഒട്ടും കുറഞ്ഞില്ല. തരൂരിന്റെ ഫാൻ ആണെന്ന് പറഞ്ഞ് തുടങ്ങിയ ഡി.കെ,  എതിർസ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറിനെ കണക്കറ്റ് പരിഹസിച്ചു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം സ്വത്തുക്കൾ മറച്ചുവച്ചതിനെ പരോക്ഷമായി വിമർശിച്ച ഡി.കെ, ഐ.ടി മന്ത്രിയായി രാജീവ് കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്തോയെന്ന് ചോദിച്ചു. 

എൽ.ഡി.എഫിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് പോലെയാണെന്നും ശിവകുമാർ പറഞ്ഞു. ന്യൂനപക്ഷ വോട്ട് ഇത്തവണ ചോരില്ലെന്ന് തരൂരിനൊപ്പം റോഡ്ഷോയ്ക്കെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. വരുംദിവസങ്ങളിൽ പ്രിയങ്കഗാന്ധിയും പി.ചിദംബരവും ഉൾപ്പെടെ നേതാക്കളും തരൂരിനായി പ്രചാരണത്തിനിറങ്ങും. 

DK Sivakumar in Thiruvananthapuram