സംഗീതത്തെ ഭക്തിയുടെ ലാളിത്യം കൊണ്ട് ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച സംഗീതജ്ഞരാണ് ജയവിജ സഹോദരന്മാര്‍. കര്‍ണാടക ശാസ്ത്രീയ സംഗീതം, ഭക്തിഗാനം, സിനിമാഗാനം എന്നീ മൂന്നുസമ്പ്രദായങ്ങളെ ഒരുപോലെ കോര്‍ത്തിണക്കിയ ജയനുംവിജയനും അയ്യപ്പഭക്തിഗാനങ്ങളിലൂടെയാണ് തലമുറകള്‍ക്ക് പ്രിയപ്പെട്ടവരായത്. ജയവിജയയുടെ ശ്രീകോവില്‍ നട തുറന്നു... എന്ന ഗാനത്തിന്‍റെ അകമ്പടിയോടെയാണ് ശബരിമല സന്നിധാനത്ത് നടതുറക്കുന്നത്.
ശബരിമല കയറുന്ന ഭക്തര്‍ ഒരിക്കലെങ്കിലും ഈ ഗാനത്തിന്‍റെ തലോടല്‍ അനുഭവിക്കാതിരുന്നിട്ടുണ്ടാകില്ല. സന്നിധാനത്ത് നട തുറക്കുന്നതിന്‍റെ വിളംബരമായി അത് മാറി. ജയവിജയന്മാരെ അനശ്വരരാക്കാന്‍ ഈയൊരുഗാനം മാത്രം മതി. ഭക്തിയുടെ തൂമഞ്ഞണിഞ്ഞ വൃശ്‌ചികപ്പുലരികള്‍ ഓര്‍മിപ്പിച്ച ഗാനങ്ങള്‍ നിരവധി. കോട്ടയം കുമരനല്ലൂര്‍ ദേവിക്ഷേത്രത്തില്‍ ഒന്‍പതാംവയസ്സില്‍ പാടിത്തുടങ്ങിയതാണ് ജയനും വിജയനും. സംഗീതവഴിയിലൂടെയായി പിന്നെ സഞ്ചാരം. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം ജയിച്ച ജയവിജയന്മാര്‍ കര്‍ണാടക സംഗീത്തിലെ അതികായരായ ആലത്തൂര്‍ സഹോദരന്മാരുടെയും സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് എം. ബാലമുരളീകൃഷ്ണയുടെയും. അദ്ദഹത്തോടൊപ്പം മദ്രാസിൽ താമസിക്കുന്ന കാലത്ത് ജയ വിജയ രണ്ട് അയ്യപ്പഭക്തി ഗാനങ്ങൾക്ക് സംഗീതമേകി. പി.ലീലയെ വീട്ടിൽച്ചെന്ന് പാട്ടുപഠിപ്പിച്ച് പാടിച്ചു. അതോടെ ഭക്തിഗാനശാഖയില്‍ പുതുതരംഗം ഉണരുകയായിരുന്നു.
യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേർന്നെഴുതി ഈണം പകർന്ന ശ്രീശബരീശാ ദീനദയാലാ...എന്ന ഗാനം ജയചന്ദ്രനും ദർശനം പുണ്യദർശനം... എന്ന പാട്ട് യേശുദാസും പാടി. പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന മുഹൂർത്തത്തിൽ പതിവായി മുഴങ്ങിക്കേട്ടിരുന്നത് ജയവിജയന്മാരുടെ അയ്യപ്പഭക്തിഗാനമാണ്. സന്നിധാനത്ത് വർഷങ്ങളോളം പാടാനെത്തുമായിരുന്നു ഇരുവരും. അയ്യപ്പഭക്തിമാത്രമല്ല കൃഷ്ണഭക്തിയും ആ സംഗീതത്തില്‍ നിറഞ്ഞുതുളുമ്പി. എസ്. രമേശന്‍ നായരുടെ വരികള്‍ വളരെ ലളിതമായി ഹരികാംബോജി രാഗപഠനമായും യമുനയിലെ ഖരഹരപ്രിയയായും മാറി.
മയില്‍പ്പീലി എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും എന്നും ജനപ്രിയമാണ്. സിനിമയിലും ജയവിജയ എന്നും ഓര്‍മിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ചു. ബിച്ചുതിരുമലയുടെ നക്ഷത്രദീപങ്ങള്‍ മലയാളക്കരയുടെ സംസ്കാരത്തിന്‍റെ പ്രതീകം കൂടിയാണ്. നിറകുടം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അതുപോലെ മലയാളത്തിലും തമിഴിലുമായി ഒരുപിടി ഗാനങ്ങള്‍
1988 ജനുവരി ഒൻപതിനായിരുന്നു ഇരട്ട സഹോദരൻ കെ.ജി.വിജയന്‍റെ ആകസ്‌മിക മരണം. ആ വിയോഗം പിടിച്ചുലച്ചെങ്കിലും എന്നും ചേര്‍ത്തുപിടിച്ച സംഗീതം ജയനെ കൈവിട്ടില്ല. 1999 ല്‍ കേരള സംഗീതനാടക അക്കാമി അവാര്‍ഡ്, 2013 ല്‍ ഹരിവരാസനം അവാര്‍ഡ് എന്നിവഉള്‍പ്പടെയുള്ള ബഹുമതികള്‍ നേടിയ ജയനെ 2019ല്‍ രാജ്യംപത്മശ്രീ നല്‍കി ആദരിച്ചു. കഴിഞ്ഞ മണ്ഡലക്കാലത്ത് നവതിയിലെത്തിയ ജയന്‍ വിശ്രമജീവിതത്തിലായിരുന്നു. മക്കളായ ബിജു കെ.ജയനും പ്രശസ്തനടന്‍ മനോജ് കെ.ജയനും സംഗീതപാരമ്പര്യം പിന്തുടരുന്നവരാണ്. സംഗീതം ഭക്തിയും ഭക്തി സംഗീതവുമാക്കി വിജയിയായാണ് ജയന്‍ മടങ്ങുന്നത്.