ഇലക്ടറല്‍ ബോണ്ട് കേസിന്റെ ചെലവ് വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് എസ്.ബി.ഐ. ബാങ്കിന്റെയും കേസില്‍ ബാങ്കിനുവേണ്ടി ഹാജരായ അഭിഭാഷകരുടെയും സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് മറുപടി. വിവരാവകാശ നിയമപ്രകാരം അപ്പീല്‍ നല്‍കിശേഷമാണ് വിവരങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള മറുപടിപോലും എസ്.ബി.ഐ നല്‍കിയത്. 

വന്‍ രാഷ്ട്രീയ വിവാദമായി വളര്‍ന്ന ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിനുശേഷമാണ് പണം നല്‍കിയവരുടെയും കൈപ്പറ്റിയവരുടെയും വിവരങ്ങള്‍ പുറത്തുവിടാന്‍ എസ്.ബി.ഐ തയാറായത്. കേസുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം മൂന്ന് ചോദ്യങ്ങളാണ് ചോദിച്ചത്.

1. ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്.ബി.ഐയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകനാര്, ഫീസ് എത്ര?

2.ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ഹാജരായ അഭിഭാഷകനാര്, ഫീസ് എത്ര?

3. 2017 മുതല്‍ ഇതുവരെ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസുകള്‍ നടത്താന്‍ എത്ര രൂപ ചെലവായി?

മൂന്ന് ചോദ്യങ്ങള്‍ക്കും ഒറ്റമറുപടി. ബാങ്കിന്റെയും, ബാങ്കിനുവേണ്ടി ഹാജരായ അഭിഭാഷകരുടെയും സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ നല്‍കാനാകില്ല. ബോണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ കാണിച്ച നിഷേധാത്മക നിലപാടാണ് ഇതുമായി ബന്ധപ്പെട്ട കോടതി ചെലവുകളുടെ കാര്യത്തിലും എസ്.ബി.ഐ സ്വീകരിച്ചിരിക്കുന്നത്.

Electoral bond case sbi refuses to share details