സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ അറിയപ്പെടുന്നത് ബീഹാറിന്റെ റോബിന്‍ഹുഡ് എന്ന പേരില്‍. ബിഹാറില്‍ നിന്ന് 2500കിലോമീറ്റര്‍ കാറോടിച്ചാണ് മോഷ്ടാവ് ജോഷിയുടെ വീട് തേടിയെത്തിയത്. ഒരു കോടി രൂപയുടെ സ്വര്‍ണ വജ്രാഭരണങ്ങള്‍ കവര്‍ന്ന പ്രതി 15 മണിക്കൂറിനുള്ളിലാണ് പൊലീസിന്റെ വലയിലായത്.  

 

37കാരനായ മുഹമ്മദ് ഇര്‍ഫാന്‍ ഉഡുപ്പിയിലെ കോട്ടയില്‍ നിന്നാണ് പിടിയിലാകുന്നത്.  നഷ്ടമായ ആഭരണങ്ങള്‍ പൂര്‍ണമായും പ്രതിയില്‍ നിന്നും കണ്ടെടുക്കാനായെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റാന്വേഷണത്തില്‍ ഗോള്‍ഡന്‍ അവേഴ്സ് എന്നറിയപ്പെടുന്ന ആദ്യമണിക്കൂറുകള്‍ തന്നെ കൃത്യമായ ദിശയില്‍ സിറ്റിപൊലീസിന് നീങ്ങാനായി എന്നതാണ് ഹൈടെക് കള്ളനെ പിടികൂടാന്‍ സാഹചര്യമൊരുക്കിയത്. ആളുകളുള്ള വീടുകളില്‍ കയറി ആരുമറിയാതെ മോഷണം നടത്താന്‍ അതിവിദഗ്ധനാണ് മുഹമ്മദ് ഇര്‍ഫാന്‍. 

 

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് മോഷണം നടക്കുന്നത്. ജോഷിയുടെ വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതും പിന്നീട് ജില്ലയ്ക്കു പുറത്തേക്ക് പോയതുമായ മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ കൂടി കിട്ടിയതോടെയാണ് അന്വേഷണം പ്രതിയിലേക്കെത്തിച്ചേര്‍ന്നത്.  ഈ വിവരങ്ങളെല്ലാം ഉഡുപ്പി പൊലീസിനു കൈമാറുകയും ചെയ്തു.  കുന്ദാപുരത്തുനിന്നും പ്രതിയെ തടയാന്‍ ഉഡുപ്പി പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് നാലു മണിക്കൂറോളം പിന്തുടര്‍ന്ന് സാഹസികമായാണ് മുഹമ്മദ് ഇര്‍ഫാനെ പിടികൂടിയത്. 

PanambillyNagar Theft case; Convict Muhammed Irfan known as Bihar Robinhood