arikomban

ഇടുക്കി ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ നാട് കടത്തിയിട്ട് ഇന്ന് ഒരു വർഷം. കൊമ്പനെ തിരികെയെത്തിക്കണമെന്ന് വാദിക്കുന്നവർ നിരവധിയാണ്. എന്നാൽ അരിക്കൊമ്പൻ പോയിട്ടും കാട്ടാന ഭീതിയിലാണ് ചിന്നക്കനാൽ നിവാസികൾ 

 

ചിന്നക്കനാൽ മേഖലയിൽ പതിവായി റേഷൻ കട തകർത്ത് അരി ഭക്ഷിച്ച കൊമ്പന് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ. മേഖലയിൽ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തു. ഒട്ടേറെ പേർ കൊമ്പന്‍റെ ആക്രമണത്തിൽ മരിച്ചതോടെ അരിക്കൊമ്പനെന്ന പേര് മലയാളികൾക്കിടയിൽ സുപരിചിതമായി. 

 

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ സർക്കാർ ഉത്തരവിറക്കിയത്. മൃഗസ്നേഹികളുടെ ശക്തമായ പ്രതിഷേധത്തിനിടയിൽ കേരളം അന്നുവരെ കണ്ടിട്ടില്ലത്തൊരു ദത്യവുമായി വനംവകുപ്പ് സംഘം ചിന്നക്കാനാലിലെത്തി. മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ 29 ന് 12 മണിയോടെ അരിക്കൊമ്പന് ആദ്യ മയക്കുവെടി വെച്ചു. അഞ്ച് തവണ മയക്കുവെടി വെച്ചതിന് ശേഷമാണ് റേഡിയോ കോളർ ഘടിപ്പിക്കാനായത്. അനിമൽ ആംബുലൻസിൽ രാത്രി 12 മണിയോടെ കൊമ്പനെ പെരിയാർ കടുവ സാങ്കേതത്തിലെത്തിച്ചു. ആ യാത്ര കാണാൻ വഴിനീളെ ആളുകൾ തടിച്ചുകൂടി. 

 

ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് കമ്പം ടൗണിൽ ഇറങ്ങിയ കൊമ്പൻ വീണ്ടും ഭീതി പടർത്തി. ഇതോടെ രണ്ട് തവണ മയക്കുവെടിവെച്ച് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവ സാങ്കേതത്തിലേക്ക് മാറ്റി. പുതിയ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ വിശദീകരണം.