നാളെ മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി പോകുന്നതിൽ പ്രതിഷേധം തുറന്നുപറഞ്ഞ് ഒരുകൂട്ടം യാത്രക്കാർ. അധിക ചെലവും, വൈകീട്ട് നാട്ടിലെത്താൻ ട്രെയിൻ കിട്ടില്ലന്ന ആശങ്കയുമാണ് പലർക്കും. വേണാട് സൗത്തിലേക്ക് പോകുന്നില്ലെങ്കിൽ ബദൽ മാർഗ്ഗം വേണമെന്ന് ഇവരുടെ ആവശ്യം.
എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം, സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. അരമണിക്കൂറാണ് എൻജിൻ മാറ്റി ഘടിപ്പിക്കാൻ വേണ്ടി വരുന്നത്. ട്രെയിൻ എത്തുന്ന സമയത്ത് പ്ലാറ്റ്ഫോം ലഭ്യമല്ലെങ്കിൽ ഔട്ടറിൽ നിർത്തിയിടേണ്ടിയും വരും. പുതിയ തീരുമാനപ്രകാരം രാവിലെ എറണാകുളം മുതൽ ഷൊർണൂർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും വേണാട് അരമണിക്കൂർ നേരത്തെ എത്തും. വൈകിട്ട് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ 15 മിനിറ്റ് നേരത്തേയും. പലരും സ്വാഗതം ചെയ്തെങ്കിലും ഒരുകൂട്ടം സ്ഥിരം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ് പുതിയ തീരുമാനം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായി ഇറങ്ങിയിരുന്ന യാത്രക്കാർക്ക് ഇനിമുതൽ തൃപ്പൂണിത്തുറയിലോ നോർത്തിലോ ഇറങ്ങി ബസോ, മെട്രോയോ പിടിക്കേണ്ടി വരും. സമയനഷ്ടവും ധനനഷ്ടവുമാണ് ഇതുകൊണ്ടുണ്ടാവുകയെന്ന് യാത്രക്കാർ.
രാവിലെ ഏഴുമണിക്ക് പാലരുവി എക്സ്പ്രസ്സ് കഴിഞ്ഞാൽ എട്ടരയ്ക്കാണ് വേണാട് കോട്ടയത്ത് എത്തുക. അതുകൊണ്ടുതന്നെ വലിയ തിരക്കാണ് വേണാടിൽ എല്ലാ ദിവസവും. പാലരുവിക്കും വേണാടിനും ഇടയിൽ കായംകുളത്ത് നിന്നും കോട്ടയം വഴി എറണാകുളത്തേക്ക് മെമു അനുവദിക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങൾ ഏറെയായി. വേണാട് ഇനി സൗത്തിലേക്ക് പോകില്ല എന്നതുകൊണ്ടുതന്നെ മെമുവിന് വേണ്ടി വീണ്ടും സമ്മർദമുയരുകയാണ്.