മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ പ്രസവ ശസ്ത്രക്രിയ നടത്തി അമ്മയും കുഞ്ഞും മരിക്കാന്‍ ഇടയായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുംബൈ കോര്‍പ്പറേഷന്‍. ഭാണ്ഡൂപിലെ ആശുപത്രിയില്‍ 26കാരിയായ യുവതിയും കുഞ്ഞും മരിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിടെ ആണ് നടപടി.  ഭാണ്ഡൂപില്‍ മുംബൈ കോര്‍പറേഷന്‍റെ കീഴിലുള്ള സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമില്‍ തിങ്കഴ്ചയാണ് സംഭവം.

26കാരിയായ സഹിദുന്നിസയെ പ്രസവ ശസ്ത്രക്കിയയ്ക്കായി ലേബര്‍ റൂമില്‍ പ്രവേശിച്ച സമയത്ത് വൈദ്യുതി മുടങ്ങി. ആശുപത്രിയിലെ ജനറേറ്ററും പ്രവര്‍ത്തിച്ചില്ല. പിന്നീട് മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബം പരാതിപ്പെട്ടു. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. പുലര്‍ച്ചെ രക്തസ്രാവത്തെ തുടര്‍ന്ന് അമ്മയും മരണത്തിന് കീഴടങ്ങി. 

മൂന്ന് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടിട്ടും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ചോരയില്‍കുളിച്ച സഹിദുന്നിസയുടെ മൃതദേഹമാണ് പിന്നീട് കണ്ടെതെന്ന് ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് ഖുസ്രുദ്ദീന്‍ പറഞ്ഞു. ഇവരുടെ ജീവന്‍നഷ്ടപ്പെട്ട ശേഷവും ഇവിടെ ശസ്ത്രക്രിയകള്‍ നടന്നായി പരാതിയുണ്ട്. പ്രതിഷേധം ശക്തമായതോടെ കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷണത്തിന് 10 അംഗ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.    

Mumbai hospital carries out delivery using phone torch