കനത്ത ചൂടും തുടർച്ചയായ കടലേറ്റവും മൂലം ആലപ്പുഴ തീരത്തെ മൽസ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധി. ചൂടുകൂടിയതോടെ തീരക്കടലിൽ നിന്ന് മൽസ്യങ്ങൾ കിട്ടാതായി. കടലാക്രമണം മൂലം കടലിൽ വള്ളമിറക്കാനാകാത്ത സ്ഥിതിയും ഉണ്ട്.
തിരമാലകൾ ആഞ്ഞടിക്കുന്നത് കരയിലേക്കല്ല. മൽസ്യത്തൊഴിലാളികളുടെ ജീവിതങ്ങളിലേക്കാണ് . കടലിൽ വള്ളമിറക്കാനാകുന്നില്ല , കടുത്ത ചൂടിൽ മൽസ്യ ലഭ്യതയും കുറഞ്ഞു. പ്രകൃതിക്ഷോഭം മൂലം കടലിൽ പോകാനാകാത്ത അവസരത്തിൽ സർക്കാർ നൽകുന്ന തുച്ഛമായ സഹായധനവും ഒന്നിനും തികയില്ല
മുന്നറിയിപ്പ് നേരത്തെ ലഭിച്ചതിനാൽ വള്ളങ്ങളും മൽസ്യബന്ധന ഉപകരണങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനാകും. രാത്രിയിൽ കടലാക്രമണം ഉണ്ടായാൽ എന്ത് ചെയ്യുമെന്ന ആശങ്കയുണ്ട് മൽസ്യത്തൊഴിലാളികൾക്ക്
തിരശക്തമായതോടെ ഒറ്റയാൾ മാത്രം മൽസ്യം പിടിക്കാൻ പോകുന്ന പൊന്തു വള്ളങ്ങൾ കടലിലിറക്കാനാകുന്നില്ല. ചൂട് കാരണം മൽസ്യങ്ങൾ തീരക്കടലിൽ നിന്ന് അപ്രത്യക്ഷമായി. കടുത്ത ചൂടും കടലാക്രമണവും മുൻകാലങ്ങളെക്കാൾ കൂടുതലായതോടെ മല്‍സ്യത്തൊഴിലാളികളുടെ ജീവിതവും വഴിമുട്ടുകയാണ്
Alappuzha fisherman crisis