കോഴിക്കോട്ടും മലപ്പുറത്തുമായി 10 പേര്‍ക്ക് സ്ഥിരീകരിച്ച വെസ്റ്റ് നൈല്‍ പനി ആശങ്കപ്പെടുത്തുന്നതോ? കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരിച്ചത് ഇൗ രോഗബാധമൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്? വൈറസ് മൂലം പടരുന്ന വെസ്റ്റ് നൈല്‍ പനിക്ക് വാക്സീനുണ്ടോ?
ലക്ഷണങ്ങള്‍, മരണ സാധ്യത
80 ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ കുറവാണ്. ബാക്കി 20 ശതമാനത്തിന് പനി, തലവേദന, ഛര്‍ദി, ഓക്കാനം, ക്ഷീണം, ശരീരത്തില്‍ ചുണങ്ങുകള്‍ തുടങ്ങിയയാണ് ലക്ഷണങ്ങള്‍. എന്നാല്‍, ചെലപ്പോഴൊക്കെ നാഡീസംബന്ധമായ രോഗത്തിനും മരണത്തിനും കാരണമാകും. രോഗം ബാധിച്ച 150ല്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാകുന്നു എന്നാണ് വിലയിരുത്തല്‍. ഏത് പ്രായക്കാര്‍ക്കും രോഗം ഗുരുതരമാകാം. എങ്കിലും 60 വയസിന് മുകളില്‍ ഉള്ളവരും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും കൂടുതല്‍ ശ്രദ്ധിക്കണം.
പടരുന്നതെങ്ങനെ?
കൊതുകുകളാണ് വെസ്റ്റ് നൈല്‍ പനി പടര്‍ത്തുന്നത്. ദേശാടനക്കിളികളും രോഗവാഹകരാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരില്ല
വെസ്റ്റ് നൈല്‍ പനിക്ക് വാക്സീനില്ല
നിലവില്‍ മനുഷ്യരില്‍ വെസ്റ്റ് നൈല്‍ പനിയെ ചെറുക്കാനുള്ള വാക്സീന്‍ ഇല്ല. മൃഗങ്ങളില്‍ കുതിരകള്‍ക്കും മറ്റ് സസ്തനികള്‍ക്കും രോഗം ബാധിക്കും. കുതിരകള്‍ക്ക് വെസ്റ്റ് നൈല്‍ പനി വരാതിരിക്കാനുള്ള വാക്സീന്‍ ലഭ്യമാണ്. കുതിരകള്‍ക്ക് രോഗം ഗുരുതരമാകാനും മരണത്തിനും സാധ്യതയുണ്ട്. കുതിരയ്ക്ക് വാക്സീന്‍ ഉണ്ടെങ്കിലും മനുഷ്യനുള്ള വാക്സീന്‍ രണ്ടാഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനപ്പുറം മുന്നോട്ട് പോയിട്ടില്ല.
രോഗത്തിന് ചികില്‍സയുണ്ടോ?
1937ല്‍ ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയിലെ ഒരു സ്ത്രീയ്ക്കാണ് മനുഷ്യരില്‍ ആദ്യം വെസ്റ്റ് നൈല്‍ വൈറസ് ബാധയുണ്ടായത്. 50 വര്‍ഷത്തില്‍ അധികമായി ഇൗ പനി ലോകത്ത് പലയിടത്തായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രീസ്, ഇസ്രയേല്‍, റൊമാനിയ, റഷ്യ, യുഎസ്എ എന്നിവിടങ്ങളിലാണ് വലിയ തോതില്‍ രോഗബാധയുണ്ടായത്. വിദേശത്ത് മിക്കപ്പോഴും വേനല്‍ക്കാലത്ത് ആരംഭിച്ച് ശരത്കാലം വരെ തുടരുന്നതാണ് ഇൗരോഗത്തിന്‍റെ രീതി. ഇൗ രോഗത്തിന് മാത്രമായി പ്രത്യേക ചികില്‍സയില്ല.
ആശങ്ക വേണ്ട, പ്രതിരോധം എങ്ങനെ?
നിലവില്‍ കേരളത്തില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും വെസ്റ്റ് നൈല്‍ പനി ഉണ്ടാക്കുന്നില്ല. കൊതുകുകളെ നിയന്ത്രിക്കുക എന്നതാണ് വെസ്റ്റ് നൈല്‍ പനിയെ ചെറുക്കാനുള്ള മാര്‍ഗം. കൊതുകില്‍നിന്ന് രക്ഷനേടാനുള്ള നുറുങ്ങുവിദ്യകളെല്ലാം പ്രയോഗിക്കാം എന്ന് ചുരുക്കം
Article on West nile fever