താനൂര്‍ ബോട്ടപകടം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 14 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസ് അന്വേഷണത്തിലും വിചാരണ ആരംഭിച്ചില്ല. അപകടം നടന്ന് ഒരു വര്‍ഷം കഴിയുമ്പോഴും മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും നീതി ലഭ്യമായില്ലെന്നതാണ് യാഥാര്‍ഥ്യം.
2023 മെയ് ഏഴ് വൈകിട്ട് ഏഴു മണി. ഇടക്കിടെ ചാറ്റല്‍ മഴയുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം വകവയ്ക്കാതെ യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടു വന്ന അറ്റ്ലാന്‍റിക് ബോട്ട് അഴിമുഖത്തോട് ചേര്‍ന്ന് പൂരപ്പഴയില്‍ മറിയുകയായിരുന്നു. കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ കാണുന്നത് താഴ്ന്നു പോകുന്ന ബോട്ടാണ്. തെളിഞ്ഞു നിന്ന ബള്‍ബുകള്‍ക്കൊപ്പം മനുഷ്യജീവനുകളും ആഴ്ന്നു പോവുന്ന കാഴ്ച നിസഹായതയോടെയാണ് നാട്ടുകാര്‍ കണ്ടത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ നിയമലംഘനവും ഒൗദ്യോഗിക അലംഭാവവുമാണ് അപകടത്തിന് കാരണമെന്ന് തെളിഞ്ഞു. ബോട്ടുടമ അബ്ദുല്‍ നാസറും ലൈസന്‍സില്ലാതെ ബോട്ടോടിച്ച സ്രാങ്കും സഹായികളുമെല്ലാം അറസ്റ്റിലായി. 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ഇന്നും ആരംഭിച്ചില്ല.
പൊലീസ് അറസ്റ്റു ചെയ്ത അപകടത്തിന് കാരണക്കാരായ പ്രതികള്‍ക്കെല്ലാം ഇതിനകം ജാമ്യവും ലഭിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷല്‍ കമ്മീഷന്‍റെ രണ്ടു സിറ്റിങ്ങുകള്‍ നടന്നുവെന്നല്ലാതെ അന്വേഷണം എങ്ങുമെത്തിയില്ല. കമ്മീഷന്‍റെ മൊഴിയെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ വിചാരണ തുടങ്ങാനാവൂ. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും ലഭിക്കാത്തവരുണ്ട്. ബോട്ടിന്‍റെ രൂപമാറ്റം വരുത്തിയതു മുതല്‍ ലൈസന്‍സ് ലഭിച്ചതും സമയം കഴിഞ്ഞ് ഇരുട്ടത്ത് സര്‍വീസ് നടത്തിയതു വരെ നിറയെ നിയമലംഘനങ്ങളാണ്.