താനൂർ ബോട്ടപകടത്തിന് ഉത്തരവാദികളായവർ എത്ര ഉന്നതരാണെങ്കിലും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ജുഡീഷ്യൽ കമ്മിഷൻ. 103 സാക്ഷികളുടെ തെളിവെടുപ്പും വിചാരണയും തിരൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഇന്നുതുടങ്ങും.
22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂര്‍ ബോട്ടപകടം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷമാണ് വിശദമായ തെളിവെടുപ്പിലേക്ക് കടക്കുന്നത്. പ്രതിപ്പട്ടികയിലുളളവരുടെ സ്വാധീനം അന്വേഷണത്തെ ബാധിക്കില്ലെന്ന് ജസ്റ്റിസ് വി.കെ.മോഹനന്‍ പറഞ്ഞു. അപകടമുണ്ടായ സാഹചര്യവും അതിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉള്ള പങ്കുമാണ് ഈ ഘട്ടത്തിൽ അന്വേഷിക്കുന്നത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള പ്രായോഗിക നിര്‍ദേശങ്ങളും കൈമാറും. ദുരന്തങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനായി കൊച്ചി വാട്ടർ മെട്രോയിലെ സുരക്ഷാ സംവിധാനങ്ങളടക്കം പരിഗണിക്കുന്നുണ്ടെന്ന് കമ്മിഷൻ അംഗം എസ്.സുരേഷ്കുമാർ പറഞ്ഞു. ബോട്ടപകടത്തിൽ പരുക്കേറ്റവരുടെ തുടർചികില്‍സയുമായി ബന്ധപ്പെട്ട് ഇനിയും പരാതിയുളളവര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.