life-house

പത്തനംതിട്ട ഏഴംകുളത്ത് ലൈഫ് പദ്ധതി പ്രകാരം വീടുപണി തുടങ്ങിയ ശേഷം കരാറുകാരന്‍ പണം വാങ്ങി മുങ്ങിയെന്ന് പരാതി. ഏഴംകുളം സ്വദേശി ഓമനയെന്ന വയോധികയുടെ വീടുപണിയാണ്  മുടങ്ങിയത്.   

ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചതോടെ ഇരിങ്ങാലക്കുട സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഉദയനന്‍ ആണ് കരാര്‍ എടുത്തത്. പഴയ വീട് പൊളിച്ച് ഓമനയും കുടുംബവും വാടക വീട്ടിലേക്ക് മാറി.

 

1,96,000 രൂപ കരാറുകാരന്  നല്‍കി. പുതിയ വീടിന്‍റെ അടിത്തറ പണിത് കട്ടിളയും വച്ചു. ആഴ്ചകളായി ഒരു വിവരവുമില്ല. ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ല എന്നാണ് ഓമന പറയുന്നത്. ഒരാള്‍ 25 ചാക്ക് സിമന്‍റ് വാങ്ങാന്‍ നല്‍കിയ പണം പോലും കരാറുകാരന്‍  കൈക്കലാക്കിയെന്നാണ് ഓമനയുടെ ആരോപണം

 

 

ആറ് ലക്ഷം രൂപയ്ക്ക് വീട് തീര്‍ത്തു തരാം എന്നായിരുന്നു വാഗ്ദാനം എന്ന് ഓമന പറയുന്നു. മഴക്കാലത്തിന് മുന്‍പ് തട്ട് വാര്‍ക്കണം എന്നായിരുന്നു ആവശ്യം . കരാറുകാരന്‍ ഫോണെടുക്കാതായതോടെ  ആകെ പ്രതിസന്ധിയായി. 20 വര്‍ഷമായി കൊച്ചുകുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന ആശാട്ടിയാണ് ഓമന.

 

പഞ്ചായത്ത് നല്‍കിയ പണത്തിന് പുറമേ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അടക്കമാണ് കരാറുകാരന്  നല്‍കിയത്. അടൂര്‍ ഡിവൈ.എസ്.പിക്ക് ഓമന പരാതി നല്‍കി.