യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് നേരിട്ട പൊലീസ് പീഡനങ്ങൾ അന്വേഷിക്കാൻ തമിഴ്നാട് ആഭ്യന്തരവകുപ്പ്. 2006-ൽ യുവാവ് ഗുണാ കേവില്‍ അപകടത്തിൽപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തിയ സുഹൃത്തുക്കളെ മർദ്ദിച്ച സംഭവത്തിലാണ് അന്വേഷണം. തമിഴ്നാട് കോൺഗ്രസ് നേതാവായ നിലമ്പൂർ സ്വദേശി ഷിജു അബ്രഹാം ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി.
2006 ൽ കേരളത്തിൽ നിന്നും കൊടൈക്കനാൽ സന്ദർശിക്കാൻ എത്തിയ യുവാക്കളിൽ ഒരാൾ ഗർത്തത്തിൽ വീണപ്പോഴാണ് സുഹൃത്തുക്കൾ കൊടൈക്കനാൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. സുഹൃത്തിനെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച യുവാക്കളെ സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കമുള്ളവർ മുൻവിധിയോടെ മർദ്ദിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിൽ നിന്ന് പേരിന് ഒരു പോലീസുകാരനെ മാത്രം യുവാക്കളോടൊപ്പം സംഭവസ്ഥലത്തേക്ക് അയച്ച ഉദ്യോഗസ്ഥൻ, രക്ഷാപ്രവർത്തനത്തിന് മറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുകയോ, അനുഭാവപൂർവ്വം പ്രശ്നത്തെ സമീപിക്കുകയോ ചെയ്തിരുന്നില്ല. വലിയ ഗർത്തത്തിൽ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനായി സുഹൃത്തുക്കളിൽ ഒരാളായ സിജു എന്ന യുവാവാണ് 120 അടിയോളം ആഴമുള്ള ഗർത്തത്തിൽ വേണ്ടത്ര സുരക്ഷാ സൌകര്യങ്ങളില്ലാതെ ഇറങ്ങിയത്. അടുത്തിടെ പുറത്തുവന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ഈ രംഗങ്ങൾ അവതരിപ്പിച്ചിരുന്നു. സുഹൃത്ത് അപകടത്തിൽപ്പെട്ട യുവാക്കളെ പോലീസ് മർദ്ദിച്ചത് വലിയ രോഷത്തിന് കാരണമായി. പിന്നാലെയാണ് റെയിൽവേ കൺസർവേറ്റീവ് കമ്മിറ്റി അംഗവും തമിഴ്നാട് കോൺഗ്രസ് നേതാവുമായ നിലമ്പൂർ സ്വദേശി പി.ഷിജു അബ്രഹാം പരാതി നൽകിയത്.
സിനിമ കണ്ടതിന് ശേഷം യഥാർത്ഥ സംഭവത്തിലെ രക്ഷകനായ സിജുവിനോട് താൻ സംസാരിച്ചിരുന്നുവെന്നും, തങ്ങൾക്ക് അന്ന് നേരിട്ട മർദ്ദനത്തിന്റെ പത്തിലൊന്ന് പോലും സിനിമയിൽ ചിത്രീകരിച്ചിട്ടില്ലെന്നും അറിഞ്ഞു. ഇതോടെയാണ് പരാതി നൽകിയത് എന്നാണ് ഷിജുവിന്റെ നിലപാട്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമുദ ഐഎഎസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2006-ൽ കൊഡൈക്കനാൽ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുജനങ്ങളോട് പോലീസ് അനുഭാവപൂർവ്വം പെരുമാറുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാനുമാണ് ഡി.ജി.പി.ക്ക് ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകിയത്.
Tamil Nadu home Department to investigate police torture of real Manjumal Boys