പുതുവൈപ്പിൽ ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടുപേർ കൂടി മരിച്ചു. കതൃക്കടവ് സ്വദേശി മിലൻ, ഗാന്ധിനഗർ സ്വദേശി ആൽവിൻ എന്നിവരാണ് മരിച്ചത്. ഇരുവരും എറണാകുളത്ത് സ്വകര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. കതൃക്കടവ് സ്വദേശി അഭിഷേക് അപകടം നടന്ന ഇന്നലെ മരിച്ചിരുന്നു.

ഏഴുപേരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ ബീച്ചിലെത്തിയത്. കുളിക്കാനിറങ്ങിയപ്പോൾ മൂന്നു പേർ അപകടത്തിൽപ്പെട്ടു. ചികിത്സയിലായിരുന്ന ആൽവിന്‍റെയും, മിലന്‍റെയും മരണം ഇന്ന് പുലർച്ചെയാണ് സ്ഥിരീകരിച്ചത്. വെള്ളത്തിൽ മുങ്ങിയ അഭിഷേകിനെ ആൽവിനും മിലനും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവരും അപകടത്തിൽ പെടുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് പൂർത്തിയാക്കി. 

 

പുതുവൈപ്പിൽ പ്രവർത്തിക്കുന്ന നീന്തൽ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് ഇന്നലെ അപകടത്തിൽപ്പെട്ട യുവാക്കളെ കടലിൽ നിന്ന് പുറത്തെടുത്തത്.