പ്രശസ്ത യോഗ പരിശീലകനും യോഗ ഇതിഹാസം കൃഷ്ണ പട്ടാഭി ജോയിസിൻ്റെ കൊച്ചുമകനുമായ ശരത് ജോയിസ് അന്തരിച്ചു. 53 വയസായിരുന്നു. യുഎസിലെ വിർജീനിയയിൽ തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ഷാർലറ്റ്‌സ്‌വില്ലെയിലെ വിർജീനിയ സർവകലാശാലയ്ക്ക് സമീപം നടക്കുന്നതിനിടെയാണ് ദയാഘാതമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
സഹോദരി ശർമിള മഹേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ മരണം അറിയിച്ചത്. ശരതിന്‍റെ യോഗാ കേന്ദ്രമായ ശരത് യോഗസെൻ്ററും അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് അങ്ങേയറ്റം വേദനയുള്ള സമയമാണെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളൊന്നും പ്രചരിപ്പിക്കരുതെന്നും യോഗസെന്റര്‍ അറിയിച്ചു. യോഗയുമായി ബന്ധപ്പെട്ട പരിശീലനക്ലാസുകള്‍ക്കായാണ് അദ്ദേഹം യുഎസിലെത്തിയത്. സാന്‍ അന്‍റോണിയോ , ടെക്സാസ് എന്നിവിടങ്ങളില്‍ ഈ മാസം അവസാനം ക്ലാസുകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.
50 ഓളം വിദ്യാർഥികളുമായി അദ്ദേഹം കാൽനടയാത്ര നടത്തവെ പെട്ടെന്ന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം. മുത്തശ്ശന്‍ കൃഷ്ണ പട്ടാഭി ജോയിസില്‍ നിന്നാണ് യോഗയുടെ പാഠങ്ങള്‍ ശരത് പഠിച്ചെടുത്തത്. അഷ്ടാംഗ യോഗയെ ഇത്രയും ജനപ്രിയമാക്കിയതില്‍ വലിയ പങ്കുവഹിച്ച യോഗാചാര്യനാണ് കൃഷ്ണ പട്ടാഭി. സരസ്വതി ജോയിസിന്റെയും രംഗസ്വാമിയുടെയും മകനായി 1971 സെപ്തംബർ 29 ന് മൈസൂരിലാണ് അദ്ദേഹം ജനിച്ചത്. ഭൗതിക ശരീരം ജന്മനാടായ മൈസൂരിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരുവാണ് ശരത്.