പുതുവൈപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ബീച്ചില്‍ വന്‍ തിരക്കാണ് എപ്പോഴുമുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. 'അവധി ദിവസങ്ങളില്‍ വന്‍ ആള്‍കൂട്ടമുണ്ടാകും. രാത്രിയും പകലുമില്ലാതെ ഇവിടെ ജനമാണ്. എന്നിട്ട് മതിയായ സുരക്ഷാ സംവിധാനമില്ല..ലൈഫ് ഗാര്‍ഡോ സുരക്ഷാ ഉപകരണങ്ങളോയില്ല. പലപ്പോഴും അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നത് നാട്ടുകാരാണ്.
ബീച്ചിലെത്തുന്നവരോട് ഒരുപാട് ആഴത്തിലേക്ക് ഇറങ്ങരുതെന്ന് പറയാറുണ്ടെങ്കിലും ആരും അനുസരിക്കാറില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
സര്‍ക്കാര്‍ നിയോഗിക്കുന്ന പ്രതിനിധികളോ സുരക്ഷാ ഉദ്യോഗസ്ഥരോ ഉണ്ടായെങ്കില്‍ മാത്രമേ അപകടം കുറയു എന്നാണ് നാട്ടുകാരുടെ പക്ഷം. എങ്കില്‍ മാത്രമേ ആളുകള്‍ അനുസരിക്കു. അതുകൊണ്ട് തന്നെ എത്രയും വേഗം അതിവേഗ ഇടപെടല്‍ ഉണ്ടാവണമെന്ന് തന്നെയാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ കൊച്ചി പുതുവൈപ്പില്‍ കടലില്‍ അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി ഇന്ന് മരണത്തിന് കീഴടങ്ങി. കതൃക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍ , എളംകുളത്തെ ആല്‍വിന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കലൂര്‍ സ്വദേശി അഭിഷേക് ഇന്നലെ മരിച്ചിരുന്നു.