കനത്ത മഴയും മഞ്ഞും കാരണം കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ദോഹ, ബഹ്റൈന്‍ വിമാനം മണിക്കൂറുകള്‍ വൈകിയാണ് പുറപ്പെട്ടുത്. വിമാനത്താവളത്തിന് സമീപത്തെ കനാല്‍ കരകവിഞ്ഞ് വീടുകളുടെ പരിസരത്ത് വെള്ളം കയറി. കോഴിക്കോട് ജില്ലയില്‍ രാത്രി മുതല്‍ പെയ്ത മഴയില്‍ പലയിടത്തും നാശനഷ്ടമുണ്ടായി.
കരിപ്പൂരില്‍ രാവിലെ ഇറങ്ങേണ്ട നാല് വിമാനങ്ങളാണ് നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും വഴിതിരിച്ചുവിട്ടത്. മൂന്ന് മണിക്കൂറിന് ശേഷം മഴയും മഞ്ഞും ഒഴിഞ്ഞതോടെ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തന്നെ തിരിച്ചെത്തി. ദോഹ, ബഹ്റിന്‍ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വിമാനത്താവളത്തിന്റ തകര്‍ന്ന ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് കാരണം വിമാനത്താവളത്തിലെ വെള്ളം കനാലിലൂടെ ഒഴുകിയെത്തി സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി. കഴിഞ്ഞ ഒക്ടോബറിലാണ് ചുറ്റുമതില്‍ തകര്‍ന്നത്. കോഴിക്കോട് മാവൂരില്‍ കാറ്റില്‍ മരം വീണ് പാലങ്ങാട്ട് മേത്തല്‍ കാര്‍ത്യായനിയുടെ വീട് ഭാഗികമായി തകര്‍ന്നു. നിരവധി വാഴകളും ഒടിഞ്ഞ് വീണു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നാദാപുരത്ത് മിന്നലില്‍ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ നശിച്ചു. വെള്ളിമാട്കുന്നില്‍ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. മഴയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മരത്തിലിടിച്ചശേഷം നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്
Due to heavy rain and snow flights to karipur were diverted