Sunil Chhetri

TOPICS COVERED

രാജ്യാന്തര ഫുട്ബോളില്‍  നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി . കുവൈത്തിനെതിരായ ലോകകപ്പ്  യോഗ്യതാ മല്‍സരത്തോടെ വിടപറയും . ജൂണ്‍ ആറിന് കൊല്‍ക്കത്തയിലാണ് ഛേത്രിയുടെ വിടവാങ്ങല്‍ മല്‍സരം. 

ഇന്ത്യൻ ഫുട്ബോളിലെ മൂർച്ചയും മുനയുമുള്ള കളിക്കാരനായ സുനിൽ ഛേത്രിയുടെ വിടവാങ്ങല്‍ ആരാധകരെ വേദനിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.  ഇന്ത്യൻ ഫുട്ബോളിന്റെ രാജ്യാന്തര നേട്ടങ്ങളുടെ കൊടിക്കൂറ ഛേത്രിയുടെ കയ്യിൽ ഭദ്രമായിരിക്കും. യൂറോപ്യൻ ലീഗുകളിൽ വരെ കളിക്കാൻ മികവുള്ള കളിക്കാരനാണു ഛേത്രിയെന്നതിന് ഐഎസ്എലിൽ കളിക്കുന്ന വിദേശതാരങ്ങളോട് തോളോടുതോൾ ചേർന്നുള്ള പ്രകടനം തെളിവാണ്.

ഫുട്‌ബോൾ ഭ്രമം രക്‌തത്തിലുള്ള കുടുംബത്തിൽനിന്നാണു വരവ്. നേപ്പാളിവംശജനായഛേത്രിയുടെ മാതാപിതാക്കൾ ഫുട്‌ബോൾ താരങ്ങളായിരുന്നു. അച്‌ഛൻ ഇന്ത്യൻ ആർമി ടീമിൽ അംഗം. അമ്മയും ഇരട്ടസഹോദരിയും നേപ്പാൾ വനിതാ ദേശീയ ടീം താരങ്ങൾ. ഇന്ത്യയുടെ റെക്കോർഡ് ഗോൾ സ്കോററായിട്ടും, രാജ്യത്തെ ഫുട്‌ബോളിനു ഗതിവേഗം കൂട്ടാനെത്തിയ ഐഎസ്‌എൽ ആദ്യവർഷം അരങ്ങു തകർക്കുമ്പോൾ ഛേത്രി അതിന്റെ ‘സൈഡ് ബെഞ്ചിൽ’ പോലും ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാം സീസണിൽ റെക്കോർഡ് തുകയോടെ മുംബൈ സിറ്റി എഫ്സിയിലെത്തി. ഐഎസ്എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഹാട്രിക്കും കുറിച്ചു. 

ജീവശ്വാസം നിറച്ച കാൽപ്പന്തിനു പിന്നാലെ ഇന്ന് ഇന്ത്യൻ മനസ്സ് സഞ്ചരിക്കുന്നതിൽ പ്രധാന കാരണം നീലക്കുപ്പായത്തിലെ ആ മനുഷ്യനാണ്. ക്യാപ്റ്റന്റെ ആം ബാൻഡ് കെട്ടിയ അഞ്ചടി ഏഴിഞ്ചുകാരനെ കാട്ടി ഇന്ത്യൻ ജനത പറയുന്നു ലോക താരങ്ങളോടു താരതമ്യപ്പെടുത്താൻ ഒരു താരം ഇവിടെയുമുണ്ട്. ലോക ഫുട്ബോളിൽ ഇന്നു കളിക്കുന്ന താരങ്ങളിലെ ഗോൾ സ്കോറർമാരിൽ മൂന്നാമൻ. നൂറിന്റെ നിറവിലെത്തി നിൽക്കുന്ന ഇന്ത്യയുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ – സുനിൽ ഛേത്രി. 

ഗോൾ വേട്ടയിൽ ഛേത്രിക്കു മുന്നിൽ ഇപ്പോൾ കളിക്കുന്നവരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും മാത്രം. ഗോളടിച്ചു കൊണ്ടേയിരിക്കുക ഛേത്രിയുടെ ശീലമാണ്. സാങ്കേതിക പരിചയത്തിൽ ഛേത്രി വളരെ മുൻപിലാണ്. അറ്റാക്കിങ്ങിൽ ഇത്രയും മികവു കാണിക്കുന്ന താരങ്ങൾ വിരളം. അമേരിക്കയിലെ മേജർ ലീഗില്‍ അവസരം കിട്ടുന്ന മൂന്നാമത്തെ സൗത്ത് ഏഷ്യക്കാരനായാണു 2010ൽ ഛേത്രി മാറിയത്. 2012ൽ പോർച്ചുഗലിലെ സ്പോർട്ടിങ് ക്ലബ് ഡി പോർച്ചുഗൽ ബി ടീമിലും ഛേത്രി ഇടം പിടിച്ചു. 

Sunil Chhetri:

Football icon Sunil Chhetri to retire after India's FIFA World Cup qualification match against Kuwait