മൂഹമ്മദ് യൂസഫ് ഖാനും, ഐ.എം വിജയനും, ബൈച്ചൂങ് ബൂട്ടിയയും കടന്ന് സുനില്‍ ചേത്രിയിലൂടെ ഇന്ത്യന്‍ മനസുകളില്‍ ആ പുഴയങ്ങനെ ഒഴുകുകയായിരുന്നു. ഒരാള്‍ ഹൃദയം പകര്‍ന്നു നല്‍കി കളിക്കുമ്പോള്‍ നാമറിയാതെ തന്നെ കളി നമ്മുടെതായി മാറുന്നു. കളിക്കുന്നയാളും കളിയും ഗ്യാലറിയുമെല്ലാം മനസ്സുകൊണ്ട് ഒന്നാകുന്നു.
അങ്ങനെയൊരുവനെ നാം വിളിക്കുന്നു. ദ ലജൻഡ്, ക്യാപ്ടൻ, ഹീറോ... റൂമിയുടെ ഒരുകവിത അവസാനിക്കുന്ന വരിയാണ്. എന്നെയും കൊണ്ടുപോകു. എന്നെയും കൊണ്ടുപോകു. TAKE ME WITH YOU എന്നാണ് അതിന്റെ ഇംഗ്ലീഷ് പരിഭാഷ. അത് ഒരുപ്രാര്‍ഥനപോലെ, ഒരു അപേക്ഷപോലെ, ഒരു സ്നേഹപ്രഖ്യാപനംപോലെ എത്രയോ തലമുറകളായി മനുഷ്യന്‍ ഏറ്റവും പ്രിയപ്പെട്ടവരോട് പറയുകയും പറയാതെപറയുകയും ചെയ്യുന്ന വരിയാണ്. ഇന്ത്യന്‍ ഇതിഹാസം ബൂട്ടഴിക്കുമ്പോള്‍ എത്രയോ എത്രയോപേര്‍ ഗ്യാലറിയിലിരുന്ന് ആ നീലക്കുപ്പായക്കാരനെ നോക്കി അത് പറയുന്നുണ്ടാകും.
എന്നെയും കൊണ്ടുപോകു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും, പാതിവഴിയില്‍ മടങ്ങുന്ന പോലെ സുനില്‍ ഛേത്രിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഛേത്രി പറഞ്ഞു. എനിക്ക് സങ്കടമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. മനസ്സിനുള്ളിലെ കൊച്ചുകുട്ടി ഇപ്പോഴും ഇന്ത്യന്‍ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങാന്‍ കൊതിക്കുന്നു. പക്ഷേ പുതിയൊരു കളിക്കാരനെ ഇന്ത്യ തേടാന്‍ സമയമായിരിക്കുന്നു.
ആ പുതിയകളിക്കാരനെ തേടാന്‍ ഇന്ത്യതുടങ്ങിയിട്ട് കാലമേറെയായി. പലരും വന്നു. പെട്ടെന്നുപോയി. അതിനപ്പുറം ഇന്നോളം ഒരുപുതിയവന്‍ ഉണ്ടായതെയില്ല. സ്ട്രൈക്കര്‍ സോണിലും, ഹാഫ് ബാക്കിലും ഒരുപൊലെ തിളങ്ങിയ കളിക്കാരനാണ് ഛേത്രി.
19വര്‍ഷം. 151മല്‍സരങ്ങള്‍. 94ഗോളുകള്‍. രാജ്യാന്തര ഫുട്ബോളില്‍ ഗോള്‍നേട്ടത്തിലെ മൂന്നാമന്‍. മുന്നിലുള്ളത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ലയണല്‍ മെസിയും മാത്രം.. ഛേത്രി. മുന്നില്‍ നിന്നു നയിക്കുന്ന കപ്പിത്താന്‍. നിര്‍ണായകഘട്ടങ്ങളില്‍ ഗോളടിക്കുന്ന നായകന്‍. സാനിധ്യംകൊണ്ട് സ്റ്റേഡിയം നിറയ്ക്കുന്ന ഫന്റാസ്റ്റിക് ഫുട്ബോളര്‍. സുനില്‍ഛേത്രി ഇല്ലാതെ ഗോളടിക്കാനും ജയിക്കാനും പഠിക്കണം. 2022ജൂണില്‍ ഏഷ്യന്‍കപ്പ് ഫുട്ബോള്‍ യോഗ്യത റൗണ്ടിന്റെ ആദ്യമല്‍സരത്തില്‍ കംബോഡിയക്കെതിരെ വിജയിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് നല്‍കിയ ഉപദേശം അങ്ങനെയായിരുന്നു.