കോഴിക്കോട് പൂവാട്ടുപറമ്പില്‍ തീപിടിച്ച സ്വകാര്യ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിന് ചട്ടം ലംഘിച്ച് പ്രവര്‍ത്തനാനുമതി നല്‍കിയത് വ്യവസായ വകുപ്പെന്ന് പെരുവയല്‍ പഞ്ചായത്ത്. പഞ്ചായത്ത് കെട്ടിട നമ്പര്‍ പോലും നല്‍കാത്ത ഒരു സ്ഥാപനത്തിന് എങ്ങനെയാണ് അനുമതി നല്‍കുന്നതെന്നും പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചോദിക്കുന്നു.  

ചൊവ്വാഴ്ച രാത്രി തീപിടിത്തമുണ്ടായപ്പോഴാണ് ഇങ്ങനെയൊരു സ്ഥാപനത്തെക്കുറിച്ച് കേള്‍ക്കുന്നതെന്നാണ് പഞ്ചായത്തിന്റ ന്യായീകരണം. എന്നാല്‍ പഞ്ചായത്ത് അറിയാതെ ഇത്രയും വലിയൊരു സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനാകുമോയെന്നതാണ്  മറു ചോദ്യം. ഇതിനടിയിലാണ് വ്യവസായ വകുപ്പിനേയും  മലീനീകരണ നിയന്ത്രണബോര്‍ഡിനെയും കുറ്റപ്പെടുത്തി പഞ്ചായത്ത്  രംഗത്ത് വന്നത്. വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനെന്ന പേരില്‍ ഒരു പരിശോധനയുമില്ലാതെ  വ്യവസായ വകുപ്പും മലിനീകരണ നിയന്ത്രണബോര്‍ഡും സ്ഥാപനത്തിന് അനുമതി നല്‍കുകയായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് പറയുന്നു

മൂന്നുവര്‍ഷത്തേക്കാണ് ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിരുന്നത്. തീപിടിച്ച സാഹചര്യത്തില്‍ ഇനി തുറക്കരുതെന്നും  നിലവിലെ കെട്ടിടം ഒരു മാസത്തിനുള്ളില്‍ പൊളിച്ചു നീക്കണമെന്നും പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപോലെ ഒരു സുരക്ഷ മുന്‍കരുതലുമെടുക്കാതെ വ്യവസായ വകുപ്പിന്റ താല്‍ക്കാലിക ലൈസന്‍സ് സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യവസായ കേന്ദ്രങ്ങളും അടപ്പിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.  

Kozhikode fire in plastic processing center follow up

Kozhikode fire :

Kozhikode fire in plastic processing center follow up