ജീവിത പങ്കാളിയാക്കാത്തതിന്റെ വിരോധത്തില്‍ കാമുകന്‍റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും കൂട്ടാളിയും അറസ്റ്റില്‍.  മന്ത്രവാദം അടക്കമുള്ള പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവില്‍ വീടിന് തീയിട്ടത്. വീട്ടുകാരന് പരാതി ഇല്ലാതിരുന്നിട്ടും പെരുനാട് പൊലീസ് കേസന്വേഷിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്‍റെ വീടിന് തീ വച്ച കേസിലാണ് കാമുകി സുനിത, കൂട്ടാളി സതീഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിലായത്. രാജ്കുമാറുമായുള്ള ബന്ധം കാരണം  സുനിതയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. രാജ്കുമാറിനെ ഭാര്യയും ഉപേക്ഷിച്ചു. സുനിതയെ റാന്നിയില്‍ വീട് വാടയ്ക്കെടുത്ത് താമസിപ്പിച്ചിരുന്നതും രാജ്കുമാറായിരുന്നു. ഒറ്റക്കായിട്ടും ജീവിതത്തിലേക്ക് ക്ഷണിക്കാത്തതിന്‍റെ വിരോധത്തില്‍ ആയിരുന്നു തീയിട്ടത്. വീട്ടില്‍ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വീട്ടിലെത്തിയത്. 

വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി മണ്ണെണ്ണയൊഴിച്ച് തീവച്ചു. മുറ്റത്തുണ്ടായിരുന്ന ബൈക്കിനും തീയിട്ടും. അയല്‍ക്കാരാണ് തീ പടരുന്നത് കണ്ട് കെടുത്തിയത്. വീട്ടുകാരന്‍ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും പെരുനാട് പൊലീസ് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് പ്രതിയെ പിടികൂടി. തീവയ്ക്കും മുന്‍പ് മന്ത്രവാദത്തിലൂടെ അപായപ്പെടുത്താനും സുനിത ശ്രമം നടത്തിയിരുന്നു. 

ഇതിനായി മന്ത്രവാദിയേയും കണ്ടശേഷമാണ് തീയിടുന്നതിലേക്ക് എത്തിയത്. ഇരുവരേയും തീവച്ച വീട്ടിലെത്തിച്ച് തെളിവെടുത്തു. ലൊക്കേഷന്‍ വച്ച് പിടികൂടാതിരിക്കാന്‍ മൊബൈല്‍ ഫോണടക്കം ഒഴിവാക്കിയാണ് തീ വയ്ക്കാന്‍ പോയത്. അടുത്തിടെയാണ് സുനിത സതീഷ്കുമാറുമായി പരിചയത്തിലായത്. വീടിന് തീയിടുന്നതിന് ഒരു മാസം മുന്‍പ് രാജ്കുമാറിന്‍റെ കാറ് കത്തി നശിച്ചിരുന്നു. ഇതിലും രാജ് കുമാര്‍ പരാതി നല്‍കിയിരുന്നില്ല.