സംസ്ഥാനത്ത് തീവ്രമഴക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാളെയും മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കുമെന്നും അതീവ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  വിവിധ ജില്ലകളില്‍ ഖനനത്തിനും മലയോരത്തേക്കും തീരപ്രദേശത്തേക്കുമുള്ള യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കേരളത്തില്‍ പെരുമഴ വരുന്നു. എല്ലാ ജില്ലകളിലും വ്യാപകമായി മഴ കിട്ടിത്തുടങ്ങി. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ് ശക്തമായ മഴ ലഭിക്കുന്നത്.  ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.  പത്തനംതിട്ട , ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും മറ്റിടങ്ങളില്‍ യെലോ അലര്‍ട്ടുമാണ് നല്‍കിയിട്ടുള്ളത്. നാളെയും മറ്റന്നാളും പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍  ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍  പാലക്കാടു വരെയുള്ള ഒന്‍പതു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. തീരപ്രദേശത്തേക്കും മലയോരത്തേക്കുമുള്ള വിനോദയാത്രകള്‍ക്കും നിയന്ത്രണമുണ്ട്. പത്തനംതിട്ടയിലും ഖനനത്തിനും രാത്രിയാത്രക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കിയിലും വിനോദ സഞ്ചാരത്തിന് നിയന്ത്രണം കൊണ്ടുവന്നു.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ ഇനിയൊരറിയിപ്പുണ്ടാകും വരെ കടലില്‍പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. തെക്കന്‍തമിഴ്നാടിന് മുകളിലെ ചക്രവാത ചുഴിയും  മഹാരാഷ്ട്രയില്‍ നിന്ന് തമിഴ്നാടു വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് മഴ കനക്കാന്‍കാരണം. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തേക്കും.