ബസിൽ ഛർദ്ദിച്ചതിന് യുവതിയെ കൊണ്ടുതന്നെ അതു തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. യുവതിക്ക് സംഭവിച്ച ദുരനുഭവത്തിന് തക്കതായ നടപടി വേണമെന്നാണ് നിര്‍ദേശം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മേയ് 15ന് മുണ്ടക്കയത്തുനിന്നും കോട്ടയത്തേക്കു പോയ ബസിലാണ് സംഭവം. വൈകിട്ട് 5.45ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോൾ യുവതി ഛർദ്ദിച്ചു. തുടർന്നു ഡ്രൈവർ തുണി നൽകി യുവതിയെക്കൊണ്ട് തന്നെ അത് തുടപ്പിക്കുകയായിരുന്നു. 

ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നാണ് വിവരം. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. നടപടിയെടുത്ത ശേഷം ആർടിഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

നടപടി ആവശ്യപ്പെട്ട് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. യുവതിക്ക് സംഭവിച്ചത് വളരെ മോശം അനുഭവമാണെന്ന് കണ്ടെത്തിയാണ് നീക്കം.

ENGLISH SUMMARY:

Human Rights Commission calls for action against bus workers.