സിപിഎം പാര്‍ട്ടി പത്രം എടുക്കാഞ്ഞതിന് വനിതാ സംരംഭകരുടെ ഹോട്ടല്‍ ഒഴിപ്പിച്ചു എന്ന് ആരോപണം. പത്തനംതിട്ട മലയാലപ്പുഴയിലെ ഡിടിപിസി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഒഴിപ്പിച്ചത്. കൂടുതല്‍ തുകയ്ക്ക് ടെണ്ടര്‍ വിളിച്ച ആളിന് നല്‍കി എന്നാണ് ഡിടിപിസിയുടെ വിശദീകരണം.
മൗണ്ടെയ്ന്‍ ഇന്‍ കഫേ എന്ന കുടുംബശ്രീ സ്ഥാപനം കഴിഞ്ഞ പത്ത് വര്‍ഷമായി മലയാലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് വനിതകള്‍ ചേര്‍ന്ന് നല്ല രീതിയില്‍ നടത്തി വരുകയായിരുന്നു. നിലവില്‍ ഒരു പാര്‍ട്ടി പത്രം വരുത്തുന്നുണ്ട്. എല്ലാ വനിതകളും ഒരു വര്‍ഷത്തെ വരിക്കാരാകണം എന്ന പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം നിരസിച്ചു. ഇതോടെയാണ് പുറത്താവേണ്ടി വന്നതെന്നാണ് ഇവരുടെ ആരോപണം. മറ്റൊരു കെട്ടിടം കിട്ടാതെ വന്നതോടെ സ്ഥാപനം പൂട്ടി എ.സിയും ജനറേറ്ററും അടക്കമുള്ള സാധനങ്ങള്‍ വിറ്റൊഴിവാക്കി.
പത്ത് വര്‍ഷമായി ഒരേ ആള്‍ക്കാര്‍ക്ക് നല്‍കുന്നത് ഓഡിറ്റ് പ്രശ്നം ആയെന്നും അതുകൊണ്ട് ടെണ്ടര്‍ വിളിച്ചു എന്നുമാണ് ഡിടിപിസി വിശദീകരണം. ഒരാളേയും പത്രത്തിനായി നിര്‍ബന്ധിച്ചിട്ടില്ല എന്നാണ് സിപിഎം വിശദീകരണം.