Untitled design - 1

പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ സിസിടിവി ദൃശ്യം പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിസിടിവി കാമറ ദൃശ്യങ്ങൾ  അടക്കം പരിശോധിച്ച് ഏതെങ്കിലും സ്ഥാപനങ്ങൾക്കിതിൽ പങ്കുണ്ടോ എന്ന് ഉറപ്പ് വരുത്തും. അങ്ങനെ തെളിഞ്ഞാൽ ആ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റൽ എഞ്ചിനീയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

മന്ത്രി പി രാജീവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും  മലിനീകരണ നിയന്ത്രണ ബോർഡിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.  സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ  മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ് ,വാട്ടർ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോർട്ടിന്മേൽ തക്കതായ നടപടിയുണ്ടാകുന്നതാണ്.

പാതാളം റെഗുലേറ്റർ ബ്രിഡ്ജിൻ്റെ  ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്സിജൻ്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞതാണോ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിൻ്റെ ഫലമായാണോ സംഭവം നടന്നതെന്ന് തിരിച്ചറിയാൻ സംഭവസ്ഥലത്തെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ഇതിനോടകം ശേഖരിച്ച് കുഫോസ് സെൻട്രൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകും.

സിസിടിവി കാമറ ദൃശ്യങ്ങൾ  അടക്കം പരിശോധിച്ച് ഏതെങ്കിലും സ്ഥാപനങ്ങൾക്കിതിൽ പങ്കുണ്ടോ എന്ന് ഉറപ്പ് വരുത്തും. അങ്ങനെ തെളിഞ്ഞാൽ ആ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റൽ എഞ്ചിനീയർക്ക് നിർദേശം നൽകിയിട്ടുണ്ട്. മത്സ്യസമ്പത്തിൻ്റെ  നാശനഷ്ടം കണക്കാക്കിക്കൊണ്ടിരിക്കുകയാണ്. സംഭവം കൃത്യമായി ഫോളോ അപ്പ് ചെയ്ത് തുടർനടപടികൾ ഉറപ്പ് വരുത്തും.

ENGLISH SUMMARY:

Mass fish death in Periyar P Rajeev fb post