ഇടതു സർക്കാരിനെതിരെ അഴിമതിയുടെ സംശയമുന ഉയർത്തി ബാർകോഴ ആരോപണം. മദ്യനയത്തില്‍ ഇളവിന് പ്രത്യുപകാരമായി കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തുന്നുവെന്ന സംഘടനാ നേതാവിന്റെ വെളിപ്പെടുത്തലാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോനാണ് ഓരോ ബാര്‍ ഉടമയും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശബ്ദസന്ദേശം അയച്ചത്. എന്നാല്‍ പിരിവ് നടത്തുന്നത് കോഴക്ക് അല്ലെന്നും കെട്ടിടനിര്‍മാണ ഫണ്ടിനാണെന്നും സംസ്ഥാന പ്രസിഡന്റ് വി. സുനില്‍കുമാര്‍ അവകാശപ്പെട്ടു.
ഇന്നലെ കൊച്ചിയില്‍ നടന്ന സംഘടനാ യോഗത്തിന് പിന്നാലെയാണ് ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അനിമോന്‍ ഈ ശബ്ദസന്ദേശമിട്ടത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പണപ്പിരിവെന്ന് വിശദീകരിക്കുന്നതിനൊപ്പം സഹകരിച്ചില്ലങ്കില്‍ നാശമെന്ന മുന്നറിയിപ്പുമുണ്ട്.
വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കെ.എം. മാണിയെ പ്രതിക്കൂട്ടിലാക്കിയ ആദ്യ ബാര്‍കോഴ വിവാദത്തിന് പത്ത് വര്‍ഷമാകാനിരിക്കെ വീണ്ടും ബാര്‍കോഴ എന്ന ആരോപണം കൊടുമ്പിരികൊണ്ടു. പിന്നാലെ മാധ്യമങ്ങളെ കണ്ട അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തല്‍ നിഷേധിച്ച് സര്‍ക്കാരിനെ സംരക്ഷിച്ചു. സംഘടനയില്‍ പണപ്പിരിവുണ്ടെന്ന് സമ്മതിച്ചെങ്കിലും അത് തിരുവനന്തപുരത്ത് കെട്ടിടം പണിയാനാണെന്നാണ് വാദം. കെട്ടിടനിര്‍മാണത്തിലടക്കം എതിര്‍പ്പുള്ള അനിമോന്‍ സമാന്തരസംഘടന രൂപീകരിക്കാന്‍ ശ്രമിച്ചു. അതിനാല്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തു.
കെട്ടിടനിര്‍മാണ പണപ്പിരിവിനെതിരെ നേരത്തെ തന്നെ ചിലര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി വിജിലന്‍സ് അന്വേഷണം തുടങ്ങിയതും വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഡാലോചനയെന്ന് തെളിയിക്കുന്നതായും അസോസിയേഷന്‍ വാദിക്കുന്നു. എന്നാല്‍ ഇന്നലത്തെ യോഗത്തിന്റെ അജണ്ട വരാനിരിക്കുന്ന മദ്യനയവും വ്യവസായം നേരിടുന്ന വിഷയങ്ങളുമായിരുന്നൂവെന്ന് യോഗത്തേക്കുറിച്ചുള്ള അറിയിപ്പില്‍ വ്യക്തമാണ്. ഇതോടെ കെട്ടിടനിര്‍മാണ ഫണ്ടിനാണ് പിരിവെന്ന സംസ്ഥാന പ്രസിഡന്റിന്റെ വാദം ദുര്‍ബലമായി. സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തൊരാള്‍ അതിന് ശേഷം പണപ്പിരിവിന് ശ്രമിച്ചതും ദുരൂഹമാണ്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടത് ശബ്ദസന്ദേശത്തിന്റെ ഉടമ അനിമോനാണ്. അദേഹം ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.