മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം . എറണാകുളത്തും കൊല്ലത്തും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ആലുവയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. തൃശൂരില്‍ കൂറ്റന്‍ മരം ഓട്ടോറിക്ഷകള്‍ക്കുമേലെ കടപുഴകി വീണു.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് എറണാകുളം കാക്കനാട് കീലേരി മലയിലെ പത്തു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പ് ആയി പ്രവർത്തിക്കുന്ന സ്കൂളിൽ ചോർച്ചയുണ്ടെന്ന് കുടുംബങ്ങൾ പരാതിപ്പെട്ടതോടെ മറ്റൊരു സ്കൂളിലേക്ക് ഇവരെ മാറ്റാനും തീരുമാനമായി. വീടുകളിൽ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് കൊല്ലം വടക്കേവിളയിൽ പതിനാറു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഓച്ചിറ വവ്വാക്കാവിൽ ഒരു കുടുബത്തെ ബന്ധുവീട്ടിലേക്കും മാറ്റിപാർപ്പിച്ചു.
ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴയിൽ ആലുവയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ആലുവ-എറണാകുളം റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചെറുവാഹനങ്ങൾ പലയിടത്തും കുടുങ്ങി. സമീപപ്രദേശങ്ങളിലെ വീടുകളെയും വ്യാപാരസ്ഥാപനങ്ങളെയും വെള്ളക്കെട്ട് ബാധിച്ചു.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ പെയ്ത്തുവെള്ളത്തോടൊപ്പം കാനയിൽ നിന്നുള്ള മലിനജലവും കെട്ടിക്കിടക്കുന്നു. തൃശൂർ സെൻ്റ് തോമസ് കോളജ് റോഡിൽ ജനറൽ ആശുപത്രി വളപ്പിലെ കൂറ്റൻ മരം അടർന്ന് ഓട്ടോറിക്ഷകൾക്ക് മീതെ വീണ് ഓട്ടോറിക്ഷ പൂർണമായും തകർന്നു. ആളപായമില്ല. ശക്തമായ മഴയിൽ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ചുറ്റുമതില്‍ തകര്‍ന്നു. മതില്‍ തകര്‍ന്ന ഭാഗത്തുകൂടി വെള്ളം കുത്തിയൊഴുകി വീടുകളില്‍ വെള്ളം കയറി. കാസർകോട്ട് ശക്തമായ മഴയിലും കാറ്റിലും പുലിമുട്ടിലിടിച്ച് ബോട്ട് പൂര്‍ണമായി തകർന്നു. നീലേശ്വരം തൈക്കടപ്പുറത്ത് പുഴയിൽ നങ്കൂരമിട്ട മടക്കര സ്വദേശി ശ്രീനാഥിന്റെ 'കാർത്തിക' എന്ന ബോട്ടാണ് തകർന്നത്.