vengal-bridge

തിരുവല്ല വേങ്ങലില്‍ വെള്ളക്കെ‌ട്ടിലൂ‌ടെ മൃതദേഹം വഹിച്ച് ബന്ധുക്കള്‍. വേങ്ങല്‍ സ്വദേശി ജോസഫ് മാര്‍ക്കോസിന്‍റെ മൃതദേഹമാണ് സംസ്കാര ശുശ്രൂഷയ്ക്കായി പെരുന്തുരുത്തി സിഎസ്ഐ പള്ളിയിലേക്ക് വെള്ളക്കെട്ടിലൂടെ ചുമന്നുകൊണ്ടുപോയത്. പ്രദേശത്തെ റോഡിന്‍റെ 300 മീറ്ററോളം വെള്ളത്തിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് വേങ്ങല്‍ സ്വദേശി ജോസഫ് മാര്‍ക്കോസ് അന്തരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ സംസ്കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടുദിവസമായി പെയ്ത മഴയില്‍ വേങ്ങല്‍ വാണിയപുരയ്ക്കല്‍ – ചാന്തുരുത്തിപടി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. താല്‍ക്കാലിക പാലം നിര്‍മിച്ചെങ്കിലും അതും വെള്ളത്തില്‍ മുങ്ങിയതോടെയാണ് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ചുമന്ന് പള്ളിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്.

അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന വേങ്ങല്‍ കണ്ണാട് പാഠശേഖരത്തിന് മധ്യഭാഗത്തുള്ള തുരുത്തിലേക്കുള്ള റോഡ് വര്‍ഷത്തില്‍ ആറുമാസവും വെള്ളത്തിലാണ്. സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്ത് റോഡ് ഉയര്‍ത്തിനിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.