മനോരമ ന്യൂസ് കേരള കാൻ സൗജന്യ ക്യാൻസർ നിർണയ ക്യാംപ് കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ഫാർമേഴ്സ് ബാങ്കിൽ. രോഗം തിരിച്ചറിയുന്നതിനൊപ്പം മനോഭാവത്തിലുണ്ടാക്കുന്ന വളർച്ചയാണ് അതിജീവനത്തിനുള്ള മരുന്നെന്ന് കേരള കാൻ മുഖമായ ജയസൂര്യ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞു. ഉച്ചവരെ 131 പേർ ക്യാംപിൽ പങ്കെടുത്ത് സൗജന്യ പരിശോധന നടത്തി.
തിരിച്ചുപിടിക്കാം ജീവിതത്തിന്റെ വൈബ് എന്ന സന്ദേശവുമായാണ് ആനിക്കാട് ഫാർമേഴ്സ് ബാങ്കിൽ ബിലീവേഴ്സ് മെഡിക്കൽ കോളജ് ഹോസ്പിറ്റലുമായി സഹകരിച്ച് മനോരമ ന്യൂസ് വിപുലമായ ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപ് ഉദ്ഘാടനം ചെയ്ത മന്ത്രി വി എൻ വാസവൻ രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ ചേർത്തുപിടിക്കാൻ കഴിയുന്ന രീതിയിൽ സമൂഹം മാറണമെന്ന് ഓർമിപ്പിച്ചു.ക്യാൻസർ എന്ന രോഗത്തിനൊപ്പം അതിജീവനത്തിന്റെ വലിയ സാധ്യത കൂടി ഉണ്ടെന്ന് കേരള കാൻ മുഖമായ ജയസൂര്യ.
ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലെ 12 ഡോക്ടർമാരും വിദഗ്ധ സംഘവും പരിശോധന ക്യാമ്പിന് നേതൃത്വം വഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും പള്ളിക്കത്തോട് ജയശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പരിപാടിയുമായി സഹകരിച്ചു.. ചീഫ് വിപ്പ് എൻ ജയരാജ്,ബിലീവേഴ്സ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജർ ഫാ.സിജോ പന്തപ്പിള്ളിൽ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ,ആനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ ഗോപകുമാർ,ജയശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ആർ സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.