കോഴിക്കോട് - ബെംഗളൂരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരനെ മർദിച്ച് കാറിൽ എത്തിയ സംഘം. ബസിൽ സീറ്റില്ലെന്ന് പറഞ്ഞ ഡ്രൈവറോട് തട്ടിക്കയറിയത് ചോദ്യം ചെയ്തതതിനാണ് വയനാട് സ്വദേശിയായ മുഹമ്മദ് അഷ്റഫിനെ മർദിച്ചത്. തുടർന്ന് കടന്നുകളഞ്ഞ സംഘത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. 

താമരശേരിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മുഴുവൻ സീറ്റിലും യാത്രക്കാരുണ്ടായിരുന്ന ബസിൽ സീറ്റ് ചോദിച്ചെത്തിയതായിരുന്നു കാറിലെത്തിയ അഞ്ച് പേർ. കെഎസ്ആര്‍ടിസി ഡിപ്പോക്ക് മുന്നിൽ നിന്ന് സീറ്റില്ലെന്ന് പറഞ്ഞ് മുന്നോട്ടു പോയ ബസിനെ പിന്തുടർന്ന് കാർ കുറുകെ ഇട്ട് തടഞ്ഞു. ശേഷം കാർ യാത്രികർ ഡ്രൈവറോട് കയർത്ത് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. 

ഡ്രൈവർക്ക് നേരെയുള്ള ആക്രോശം തടയാനെത്തിയ തന്റെ ഷർട്ടിൽ കയറി പിടിക്കുകയും ചെകിടത്ത് അടിക്കുകയും ചെയ്തെതെന്ന് സുൽത്താൻ ബത്തേരി സ്വദേശി അഷ്റഫും പറയുന്നു

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സംഘം കടന്നു കളഞ്ഞു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബസ് പിന്നീട് യാത്ര തുടർന്നു. തിരിച്ചെത്തിയ ശേഷം ബസിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. കാരാട് സ്വദേശികളാണ് കാറിലെത്തിയതെന്നാണ് പൊലീസ് നിഗമനം. 

ENGLISH SUMMARY:

KSRTC Swift bus passenger assaulted