• '42 കേസുകളില്‍ തോറ്റിട്ടും അപ്പീല്‍ നല്‍കിയില്ല'
  • 'ഗൂഢാലോചനക്കുറ്റം മാത്രം ചുമത്തിയത് തൃപ്തികരമല്ല'
  • 'സി.ബി.ഐയെ സ്വമേധയാ കക്ഷി ചേര്‍ക്കും'

ഇടുക്കിയിൽ രവീന്ദ്രൻ പട്ടയങ്ങളിൽ  വ്യാജമേത്, യഥാർഥ പട്ടയമേതെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. അധികാരപരിധി ലംഘിച്ച് എം.ഐ.രവീന്ദ്രൻ പട്ടയങ്ങൾ നൽകിയെന്നും, 530 എണ്ണം റദ്ദാക്കിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. രവീന്ദ്രനെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിലേതിൻ്റെ തുടർച്ചയെന്നോണമാണ് മൂന്നാർ കയ്യേറ്റ കേസുകളിൽ ഇന്നും ഹൈക്കോടതിയുടെ വിമർശനമുണ്ടായത്. 42 ഭൂമി കേസുകളിൽ സർക്കാർ കോടതിയിൽ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് അപ്പീൽ നൽകിയില്ലെന്ന് കോടതി ചോദിച്ചു. 

വ്യാജപട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികമല്ല. വൻ അഴിമതിയാണ് നടന്നത്. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല. പിന്നിൽ വേറെയും ചില ആളുകൾ ഉണ്ടാകും. രവീന്ദ്രനെതിരെ ഏതെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്നും, വകുപ്പുതല നടപടി എടുത്തിരുന്നോയെന്നും സർക്കാർ അറിയിക്കണം. വ്യാജ പട്ടയം വഴി സ്ഥലം കിട്ടിയവരുടെ ലിസ്റ്റ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവ് സർക്കാർ ഹാജരാക്കി. 

പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നു എന്ന് സർക്കാർ അറിയിച്ചു. എന്നാൽ അധികാര പരിധി ലംഘിച്ച് രവീന്ദ്രൻ പട്ടയവിതരണം നടത്തി. ഇതിൽ വ്യാജമേത്, യഥാർഥ പട്ടയങ്ങൾ ഏതെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു. വ്യാജ പട്ടയ വിതരണത്തിലെ അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്നും വിശദീകരണം തേടാൻ കോടതി തീരുമാനിച്ചു. കേസിൽ വാദം കേൾക്കവെ  സിബിഐയെ സ്വമേധയാ കക്ഷി ചേർക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസുകൾ ചൊവാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

High Court against Kerala government in Raveendran deed case