തൃശൂര്‍ പൊലീസ് അക്കാദമിയില്‍ വച്ച് വനിത ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍. ആംഡ് റിസര്‍വ് ഇന്‍സ്പെക്ടര്‍ കെ.പ്രേമനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. അക്കാദമി ഓഫിസില്‍ രണ്ടു തവണ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി വനിത ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രേമനെതിരെ ചുമത്തി.
മേയ് 17നാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ചില രേഖകള്‍ പ്രിന്‍റെടുക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥയെ പൊലീസുകാരന്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തി. ഓഫിസിലെത്തിയ ഉദ്യോഗസ്ഥയെ മോശമായി സ്പര്‍ശിച്ചെന്നും ഉടന്‍ തന്നെ ഉദ്യോഗസ്ഥ ഇറങ്ങിപ്പോയെന്നും പരാതിയില്‍ പറയുന്നു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും പൊലീസ് ഇന്‍സ്പെക്ടര്‍ ഇതേ പെരുമാറ്റം ആവര്‍ത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥയുടെ പരാതി അക്കാദമി ഡയറക്ടര്‍ക്കാണ് ആദ്യം നല്‍കിയത്. തുടര്‍ന്ന് ആഭ്യന്തര അന്വേഷണം നടത്തുകയും പ്രാഥമികാന്വേഷണത്തില്‍ തന്നെ ആരോപണം വാസ്തവമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്.