കേരളത്തില്‍ കാലാവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം സംസ്ഥാനത്ത് ഒരു ജില്ലകളിലും റെഡ്, ഓറഞ്ച് അലര്‍ട്ടുകളില്ല. 14 ജില്ലകളിലും യെലോ അലര്‍ട്ടാണ്. മൂന്നാം തീയതി മുതല്‍ സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. ചേര്‍ത്തല പള്ളിപ്പുറത്ത് ഗൃഹനാഥന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഇടത്തട്ടില്‍ അശോകന്‍ ആണ് മരിച്ചത്. റോഡിനോട് ചേര്‍ന്ന പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. കൊല്ലം കണിയാംതോട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ മുഖത്തല സ്വദേശി സലീമിന്റെ മൃതദേഹം കണ്ടെത്തി.
വെള്ളംകയറിയതിനെത്തുടര്‍ന്ന് ദുരിതത്തിലായ കൊച്ചി കളമശേരി മൂലേപ്പാടത്ത് റോഡുകളിലെ വെള്ളമിറങ്ങി. ചെളിയും വെള്ളംകയറിയ വീടുകളിലെ ദുരിതം തുടരുകയാണ്. തിരുവനന്തപുരം നഗരത്തിലും വെള്ളമിറങ്ങി. വൈകിട്ട് അഞ്ചു മണിക്ക് ശേഷം മഴ പെയ്യാതിരുന്നത് വെള്ളക്കെട്ട് ഒഴിവാകാൻ കാരണമായി. ചാല മാർക്കറ്റിൽ ചെളിയടിഞ്ഞ് കിടക്കുകയാണ്. ഗൗരീശപട്ടത്തും വയലിക്കടയിലും ബന്ധുവീടുകളിലേയ്ക്കും ക്യാംപുകളിലേയ്ക്കും പോയവർ മടങ്ങിയെത്തി. കോട്ടയത്ത് കിഴക്കൻ വെള്ളം പടിഞ്ഞാറൻ മേഖലകളിലേക്ക് എത്തിയതോടെ നാഗമ്പടത്തെ താഴ്ന്ന പ്രദേശങ്ങളിലും ഇല്ലിക്കലിലും വെള്ളക്കെട്ട് ഉണ്ട്. 14 ജില്ലകളിലും ഇന്ന് യെലോ അലര്‍ട്ടാണ്.
കോട്ടയം ജില്ലയിൽ മഴ മാറി നിൽക്കുകയാണെങ്കിലും ഇല്ലിക്കലിനോട് ചേർന്ന് താമസിക്കുന്നവരുടെ ദുരിതത്തിന് ഇത്തവണയും വ്യത്യാസമൊന്നുമില്ല. കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ ടൗണിലെ വെള്ളക്കെട്ട് ദിവസങ്ങൾ നീണ്ടുനിൽക്കും. മുട്ടൊപ്പം വെള്ളത്തിൽ സർക്കസ് നടത്തിയാണ് പലരും ജോലി സ്ഥലത്തേക്ക് പോകുന്നത്.ഇനിയെങ്കിലും റോഡുയർത്തി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാടുവിട്ടു പോവുക മാത്രമാണ് ഏക പരിഹാരമെന്ന് നാട്ടുകാർ പറയുന്നു.