സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മൂന്നുമരണം. മുണ്ടക്കയത്ത് ഒഴുക്കില്‍പെട്ട് കാണാതായ കല്ലേപ്പാലം സ്വദേശി കളപ്പുരയ്ക്കല്‍ തിലകന്റെ മൃതദേഹം കണ്ടെത്തി. മഴയ്ക്കിടെ ആറ്റിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കുന്നതിനിടെയായിരുന്നു അപകടം. ചേര്‍ത്തല പള്ളിപ്പുറത്ത് ഗൃഹനാഥന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഇടത്തട്ടില്‍ അശോകന്‍ ആണ് മരിച്ചത്. റോഡിനോട് ചേര്‍ന്ന പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. കൊല്ലം കണിയാംതോട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ മുഖത്തല സ്വദേശി സലീമിന്റെ മൃതദേഹം കണ്ടെത്തി.കനത്തമഴയില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതിലിടിഞ്ഞ് വീണു. റോഡിനോട് ചേര്‍ന്ന കെട്ടിടത്തിലേക്കാണ് മതിലിടിഞ്ഞ് വീണത്.
കോഴിക്കോട് ഇടിമിന്നലേറ്റ് ഏഴു പേർക്ക് പരുക്ക്. ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ. സൗത്ത് ബീച്ചിൽ ജോലി ചെയ്തിരുന്ന ചാപ്പായിൽ സ്വദേശികൾക്കാണ് ഇടിമിന്നലേറ്റത്. എറണാകുളം,കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെലോ അലര്‍ട്ട് തുടരുന്നു. കേരളത്തില്‍ പ്രവചിച്ചതിനും ഒരു ദിവസം മുന്‍പ് മണ്‍സൂണ്‍ മഴയെത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.