ഖേല്‍രത്ന അപേക്ഷയില്‍ പിഴവുണ്ടായിരുന്നെന്ന് ഒളിപ്യന്‍ മനു ഭാക്കര്‍. രാജ്യത്തിനായി മല്‍സരിക്കുക എന്നതാണ് തന്‍റെ കടമ. പുരസ്കാരങ്ങള്‍ പ്രചോദനമാണെങ്കിലും അതല്ല പ്രധാനലക്ഷ്യമെന്നും മനുഭാക്കര്‍. മനുഭാക്കറിനെ ഖേല്‍രത്ന പുരസ്കാരത്തിന് പരിഗണിക്കാത്തത് വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.
മനു ഭാക്കര്‍ പുരസ്കാരത്തിന് അപേക്ഷിച്ചിട്ടില്ലെന്നായിരുന്നു വിവാദത്തില്‍ കായിക മന്ത്രാലയത്തിന്‍റെ പ്രതികരണം. അതേസമയം അപേക്ഷ നല്‍കിയിരുന്നെന്ന് മനു ഭാക്കറിന്റെ കുടുംബവൃത്തങ്ങള്‍ പറഞ്ഞതായ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാരിസിൽ വനിതാ 10 മീറ്റര്‍ എയർ പിസ്റ്റൽ, 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനങ്ങളിൽ വെങ്കല മെഡലുകൾ മനു ഭാകർ നേടിയിരുന്നു. പാരിസ് ഒളിംപിക്സിനു പിന്നാലെ ‘ഞാൻ ഖേൽരത്ന അർഹിക്കുന്നുണ്ടോയെന്ന്’ എക്സ് പ്ലാറ്റ്ഫോമിൽ ചോദിച്ച മനുവിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. 2020ൽ മനു ഭാകറിന് രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചിരുന്നു.
അതേസമയം ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ ഹര്‍മന്‍ പ്രീത് സിങ്ങിനേയും പാരാലിംപിക്സ് മെഡല്‍ ജേതാവ് പ്രവീണ്‍ കുമാറിനേയും മേജർ ധ്യാൻ ചന്ദ് ഖേല്‍രത്നയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപില്‍ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന 12 അംഗ സിലക്ഷൻ കമ്മിറ്റിയാണ് പുരസ്കാരത്തിനായി താരങ്ങളെ ശുപാർശ ചെയ്തത്.