Untitled design - 1

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ സഖാക്കളെ അഴിയെണ്ണിക്കുമെന്ന് ലീ​ഗ് നേതാവ് പികെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആരോപണം നേരിട്ട എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.കെ കാസിം, പ്രതികളെ പിടികൂടാതെ ഒത്തു കളിക്കുന്ന പൊലീസിനതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും കോടതി പൊലീസിന് നോട്ടീസ് അയച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് ആരായാലും അഴിയെണ്ണിപ്പിക്കുമെന്നാണ് പികെ ഫിറോസ് വ്യക്തമാക്കുന്നത്.  

തന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പി.കെ കാസിം അഭിഭാഷകന്‍ മുഹമ്മദ് ഷാ മുഖേനയാണ് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. തിരഞ്ഞെടുപ്പിന്റെ തലേന്ന് പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പൊലീസ് സിപിഎം സംസ്ഥാനസമിതി അംഗവും ജില്ലാ സെക്രട്ടറി പി .മോഹനന്റെ ഭാര്യയുമായ കെ.കെ. ലതികയുടെ മൊഴിയെടുത്തിരുന്നു. 

ലതിക അന്നുതന്നെ വിവാദമായ സ്‌ക്രീന്‍ഷോട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലീസ് തേടിയത്.  എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരില്‍ 25-നാണ് സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമായിരുന്നു ഇതിലുള്ളത്.   സന്ദേശം മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. 

സന്ദേശത്തിന്റെ പേരില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ കാസിമിന്റെ ഫോണ്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചെങ്കിലും സന്ദേശം മുഹമ്മദ് കാസിം അയച്ചതാണെന്നതിന് ഒരുതെളിവും കിട്ടിയിട്ടില്ല. തുടർന്നാണ് കാസിം യഥാർത്ഥ പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് കാട്ടി കോടതിയെ സമീപിച്ചത്. 

പികെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

സഖാക്കൾ ശ്രദ്ധിച്ച് കേട്ടോളൂ...

വടകരയിൽ 'കാഫിർ' വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി വർഗീയത ഉണ്ടാക്കാൻ ശ്രമിച്ച പ്രതികളെ പിടി കൂടാതെ ഒത്തു കളിക്കുന്ന പോലീസിനെതിരെ യൂത്ത് ലീഗ് പ്രവർത്തകൻ കാസിം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കോടതി പൊലീസിന് നോട്ടീസും അയച്ചു. 

ഇനി ചെവിയിൽ നുള്ളി കാത്തിരുന്നോ! 

യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് ആരായാലും

അഴിയെണ്ണിപ്പിക്കും.