ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് കുടവയറും അമിതവണ്ണവും. വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കുടവയറിലേക്ക് നയിക്കുന്നത്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയും നിങ്ങളെ അമിതവണ്ണത്തിലേക്ക് നയിക്കും. വയറ്റില്‍ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പ് വളരെ അനാരോഗ്യകരമാണ്. ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നതും കൊഴുപ്പ് കുറഞ്ഞ ആഹാരശീലങ്ങള്‍ പിന്തുടരുന്നതിലൂടെയും കുടവയറും അമിതവണ്ണവുമകറ്റാം. കൂടാതെ ചില പഴങ്ങള്‍ കഴിക്കുന്നത് വഴി അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും. ഏതൊക്കെയാണ് ആ പഴങ്ങളെന്ന് നോക്കാം.
ആപ്പിൾ
ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉത്തമമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതേപോലെ തന്നെ വയറ്റിലെ കൊഴുപ്പകറ്റാനും ശരീരഭാരം നിയന്ത്രിക്കാനും ആപ്പിള്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിളിലടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന ഘടകം ഫാറ്റ് അടിയുന്നത് തടയും. ആപ്പിള്‍ കഴിക്കുന്നതിലൂടെ പെട്ടെന്ന് വിശപ്പ് ശമിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
പേരയ്ക്ക
പേരയ്ക്കില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല പെക്ടിനും പേരക്കയിലുണ്ട്. ഫാറ്റ് ആഗിരണം ചെയ്യുന്നതില്‍ നിന്നും കോശങ്ങളെ പെക്ടിന്‍ തടയും. അതുകൊണ്ടുതന്നെ വയറുകുറയ്ക്കാന്‍ പേരയ്ക്ക മികച്ച മാര്‍ഗമാണ്.
ഓറഞ്ച്
ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പഴവര്‍ഗമാണ് ഓറഞ്ച്. മാത്രമല്ല ഓറഞ്ചില്‍ കലോറിയും കുറവാണ്. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഓറഞ്ച് സഹായിക്കും.
തണ്ണിമത്തന്‍
തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. മാത്രമല്ല കലോറിയും വളരെ കുറവാണ്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ തണ്ണിമത്തന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
കിവി
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഒന്നാണ് കിവി. കിവി കഴിക്കുന്നത് ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.
മാതളം
കലോറി കുറഞ്ഞ മാതളത്തില്‍ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.