സ്കൂള്‍ പാഠപുസ്തകത്തില്‍ സ്വന്തമായി വരച്ച പത്ത് ചിത്രങ്ങൾ ഉള്‍പ്പെട്ടതിന്റെ അഭിമാനത്തിലാണ് കൊല്ലം അയത്തില്‍ സ്വദേശിനിയായ അനന്യ. മൂന്നാംക്ളാസിലെ ശാസ്ത്രപുസ്തകത്തിലാണ് ഈ പത്താംക്ളാസുകാരിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്.
ലക്ഷത്തിലധികം കുട്ടികള്‍ക്ക് ലഭിക്കുന്ന പാഠപുസ്തകത്തില്‍ താന്‍ വരച്ച ചിത്രങ്ങളും ഉള്‍പ്പെട്ടതിന്റെ സന്തോഷത്തിലാണ് അനന്യ എസ് സുഭാഷ്. പട്ടത്താനം വിമലഹൃദയ സ്കൂളിലെ പത്താംക്ളാസ് വിദ്യാർഥിനിയാണ് അനന്യ. മൂന്നാംക്ളാസിലെ ശാസ്ത്രപുസ്തകത്തിലെ നാലു പാഠങ്ങളില്‍ അനന്യ വരച്ച പത്തു ചിത്രങ്ങളുണ്ട്. എസ്സിഇആര്ടിയാണ് വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ വിവിധങ്ങളായ ചിത്രരചനാ മല്‍സരത്തില്‍ അനന്യയ്ക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. ഇത്തരത്തില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കായി എസ്സിഇആര്ടി നടത്തിയ ക്യാംപിലാണ് അനന്യയും ഉള്‍പ്പെട്ടത്. ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് അനന്യയ്ക്ക് ലഭിച്ചിട്ടുളളത്. പുനലൂർ വില്ലേജ് ഓഫീസറായ അച്ഛൻ എസ്. സുഭാഷും അമ്മ ശ്രീജയുടേയും മകള്‍ക്ക് പിന്തുണയേകുന്നു.