TOPICS COVERED

അട്ടപ്പാടിക്കാരുടെ ഉറക്കം കെടുത്തി വീണ്ടും ആദിവാസി ഊരുകളില്‍ അരിവാള്‍ രോഗബാധ വ്യാപനം. ചെറുപ്പം മുതല്‍ രോഗത്തിന് ചികില്‍സ തേടുന്നവരുടെ മരുന്ന് പോലും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് വിമര്‍ശനം. കഴിഞ്ഞദിവസം രോഗബാധയില്‍ രണ്ട് യുവതികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. 

ശരീരം തളര്‍ത്തുന്ന വേദന. രക്തത്തിലുള്‍പ്പെടെ നിരന്തരമുണ്ടാവുന്ന മാറ്റം. ഏത് സമയത്തും തളര്‍ന്ന് വീഴാവുന്ന സാഹചര്യം. അരിവാള്‍ രോഗബാധ സ്ഥിരീകരിച്ചാല്‍പ്പിന്നെ ജീവിതം തന്നെ താറുമാറാവുന്ന സ്ഥിതിയാണ്. വയനാട്ടിലും അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിലും നേരത്തെ രോഗം പടരുകയും പിന്നീട് തീവ്ര ശ്രമങ്ങളിലൂടെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഊര്‍ജിത പ്രതിരോധമെന്ന് പറയുമ്പോഴും പലപ്പോഴും വേദനസംഹാരി പോലും കിട്ടാന്‍ പ്രതിസന്ധിയുണ്ടെന്നാണ് ആക്ഷേപം. അട്ടപ്പാടിയിൽ രോഗവാഹകരും രോഗികളുമായി നാനൂറിലേറെ ആളുകളുണ്ടെന്നാണ് കണക്ക്. ഒന്നിലേറെ പദ്ധതികളുണ്ടായിരുന്നെങ്കിലും കൃത്യമായ രക്തപരിശോധന നടത്തി രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും കണ്ടെത്താന്‍ ശ്രമമില്ലെന്നാണ് പരാതി. 

കഴിഞ്ഞദിവസം രണ്ട് യുവതികളാണ് രോഗം ബാധിച്ച് മരിച്ചത്. കൃത്യമായ മരുന്ന് വിതരണമില്ല. മരുന്നിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. സബ് സെന്ററുകള്‍ പലതും അടഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ട്. ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയുണ്ട്.

രോഗികള്‍ക്ക് പോഷകാഹാരം, വേദനസംഹാരി ഉൾപ്പെടെ മരുന്നുകളും നല്‍കണം. ആവശ്യമായ സമയങ്ങളിൽ രക്തം സ്വീകരിക്കാനുള്ള സൗകര്യക്കുറവ് പരിഹരിക്കണം. ഇതിനായുള്ള പ്രത്യേക ക്ലിനിക്കുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. അരിവാൾ രോഗ നിർമാർജനത്തിന് കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും താഴെത്തട്ടില്‍ ഇതുവരെ ചലനമില്ലെന്നാണ് വിമര്‍ശനം.

ENGLISH SUMMARY:

Prevalence of sickling disease in tribal villages