വളര്‍ത്തുമൃഗങ്ങളെ പുലി പിടികൂടുന്നത് പതിവായ അട്ടപ്പാടി നക്കുപ്പതി പിരിവില്‍ വനംവകുപ്പിന്‍റെ പ്രതിരോധം. ആദിവാസി ഊരുകളോട് ചേര്‍ന്ന് കൂടുതല്‍ നീരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ നേരിട്ടെത്തി അറിയിച്ചു. പുലിപ്പേടി ഒഴിയും വരെ പ്രദേശത്ത് ആര്‍ആര്‍ടിയുടെ സാന്നിധ്യവുമുണ്ടാകും.
കഴിഞ്ഞദിവസം ആടിനെ പുലി കൊന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ ആർആർടി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. പൊലീസെത്തി ഡി എഫ് ഒയുടെ സന്ദർശനം ഉറപ്പു നൽകിയാണ് ജനത്തെ ശാന്തരാക്കിയത്. ഇതേ തുടർന്നാണ് പുലി സാന്നിധ്യം പതിവായ നക്കുപ്പതി പിരിവില്‍ ഡി എഫ് ഒ എത്തിയത്. ഒരു മാസത്തിലേറെയായി പ്രദേശത്ത് സ്ഥാപിച്ച കാമറകളിലൊന്നും പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല. എങ്കിലും കൂടുതൽ കാമറ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം ഉറപ്പു വരുത്തും. ഇതനുസരിച്ച് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി സ്ഥലം മാറ്റുമെന്ന് ഡി എഫ്ഒ പറഞ്ഞു.
പുലിപ്പേടി ഒഴിയും വരെ മുഴുവൻ സമയവും ആർആർടിയുടെ നിരീക്ഷണം സ്ഥലത്ത് ഏര്‍പ്പെടുത്തും. നാട്ടുകാരുടെ പുലിപ്പേടി ഒഴിവാക്കാന്‍ ആദ്യം സമരമുഖത്തിറങ്ങിയ ഗായിക നഞ്ചിയമ്മയുമായും ജനപ്രതിനിധികളോടും ഡി.എഫ് ഒ ചർച്ച നടത്തി.