തൃപ്പൂണിത്തുറയിൽ കാറിൽകടത്തിയ കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്ത കേസില്‍ രക്ഷപെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം. അറസ്റ്റിലായ നഴ്സിങ് വിദ്യാർത്ഥിനി വര്‍ഷയേയും ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദിനേയുംകോടതി റിമാന്‍ഡ് ചെയ്തു. ബെംഗളുരുവില്‍ പഠിക്കുന്ന നഴ്സിങ് വിദ്യാര്‍ഥിനികള്‍ വഴിയും പ്രതികള്‍ പലപ്പോഴും എംഡിഎംഎ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി സ്വദേശിനി വർഷ എന്നിവരാണ് ഇന്നലെ തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. ഉച്ചക്ക് കൊച്ചിയിലേക്ക് വരുന്നതിനിടെ കരിങ്ങാച്ചിറയിൽ പൊലീസിന്റെ വാഹനപരിശോധനയാണ് കേസിൽ ട്വിസ്റ്റായത്. പൊലീസ് കൈകാണിച്ചെങ്കിലും സംഘം കാർ നിർത്താതെ പോവുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സംഘവും കാറിന്റെ പിന്നാലെ കുതിച്ച് ഇരുമ്പനത്തുവെച്ച് കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാർ ഷോറൂമിലേക്ക് കാര്‍ ഓടിച്ചു കടത്തിയ ലഹരിസംഘത്തെ പിന്തുടര്ന്ന് പൊലീസ് എത്തുകയായിരുന്നു. . അതിനിടെ ഒരാള്‍ ഓടി രക്ഷപെട്ടു. വര്‍ഷയും അമീര്‍ മജീദും പിടിയിലായി.
കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി. ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്നെത്തുന്നതെന്ന് ഇരുവരും മൊഴി മൊഴി നല്കി. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയായ വർഷ ഇന്നലെ രാവിലെ കോട്ടയത്തെത്തി. പിന്നീട് ലഹരി കൈമാറാന്‍ സുഹൃത്തിനൊപ്പം എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. കോട്ടയം സ്വദേശി ഇജാസാണ് രക്ഷപെട്ടത്.. ഇജാസാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്ന് ഇരുവരും മൊഴി നല്കി. ഇരുവരുടേയും ഫോണ്‍ രേഖകള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളേക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.
വര്‍ഷ ഇതിനുമുമ്പ് പലതവണയും ലഹരി കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ നഴ്സിങ് വിദ്യാര്‍ഥിനികള്‍ ലഹരി കടത്താറുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. കേരളത്തിലെത്തിക്കുന്ന ലഹരി ഇവിടെ കാത്തുനില്ക്കുന്ന സംഘങ്ങളെ ഏല്‍പ്പിക്കും. അവര്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് കച്ചവട രീതി.