മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹികനിരീക്ഷനുമായ ബി.ആർ.പി.ഭാസ്കർ (91) തിരുവനന്തപുരത്ത് അന്തരിച്ചു. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൾ സമൂഹ മാധ്യമങ്ങൾ വഴി ബിആർപി അവസാനകാലം വരെ സജീവമായിരുന്നു. നവഭാരതം പത്രം ഉടമ എ.കെ.ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായി കൊല്ലം കായിക്കരയിലാണു ബാബു രാജേന്ദ്രപ്രസാദ് എന്ന ബി.ആർ.പി.ഭാസ്കറുടെ ജനനം.
മകൻ ഈ രംഗത്തു വരുന്നതിൽ അച്ഛനു താൽപര്യമില്ലായിരുന്നു. ‘നവഭാരത’ത്തിൽ അച്ഛൻ അറിയാതെ അപരനാമത്തിൽ വാർത്തയെഴുതിയാണു തുടക്കം. 1952ൽ ‘ദ് ഹിന്ദു’വിൽ ട്രെയിനിയായി . പിന്നീടു സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, യുഎൻഐ, ഡെക്കാൺ ഹെറാൾഡ് എന്നിവയിൽ പത്രപ്രവർത്തകനായി. ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച മുജീബുൽ റഹ്മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹർഗോവിന്ദ് ഖുറാന നൊബേൽ സമ്മാനം നേടിയ വാർത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറിൽ നിന്നുള്ള റിപ്പോർട്ടുകൾ തുടങ്ങിയവ ബിആർപിയെ ഈ രംഗത്ത് അടയാളപ്പെടുത്തി. ജമ്മു കശ്മീർ ഭരണകൂടത്തിന്റെ അപ്രിയം ഏറ്റുവാങ്ങിയതോടെ വധശ്രമം നേരിട്ട അനുഭവവുമുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിക്കുകയായിരുന്നു.
അന്നത്തെ കശ്മീർ മുഖ്യമന്ത്രി സെയ്ദ് മിർ കാസിമിന് എതിരായ വാർത്തകളും മറ്റൊരു മന്ത്രിയുടെ മകൻ വിദേശ വനിതയെ പീഡിപ്പിച്ച വാർത്തകളും ബിആർപി റിപ്പോർട്ട് ചെയ്തിരുന്നു.പത്രപ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ എന്നും മുൻനിരയിൽ നിന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ആരംഭിച്ചപ്പോൾ ഉപദേശകനായി . സർക്കാരിന്റെ സ്വദേശാഭിമാനി–കേസരി മാധ്യമ പുരസ്കാരം 2014ൽ ലഭിച്ചു. 2018ൽ തിരുവനന്തപുരം വിട്ട് ഭാര്യ രമയ്ക്കൊപ്പം ചെന്നൈയിലേക്കു മാറി. . പത്രപ്രവർത്തകയായിരുന്ന മകൾ ബിന്ദു ഭാസ്കറിനൊപ്പം ശിഷ്ടകാലം കഴിയാനായിരുന്നു ഇത്. കാൻസർ ബാധിച്ചു മകൾ മരിച്ചതോടെ പിന്നീട് തിരുവനന്തപുരത്തേക്കു മടങ്ങി.