ചെല്ലാനത്ത് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ സ്വത്തിനും ജീവനും സംരക്ഷണമൊരുക്കാനാകാതെ പാതിവഴിയില്‍ നിലച്ച് ഇടത് സര്‍ക്കാരിന്‍റെ അഭിമാനപദ്ധതിയായ ചെല്ലാനം മോഡല്‍ തീരം സംരക്ഷണം. ഇനിയും ടെട്രാപോഡ് സ്ഥാപിക്കാത്ത പുത്തന്‍തോട്, കണ്ണമാലി പ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷമായതോടെ രണ്ടാഴ്ച്ചക്കിടെ തകര്‍ന്നത് പത്തിലധികം വീടുകള്‍. പലായനത്തിന്റെ വക്കിലെത്തിയ മത്സ്യത്തൊഴിലാളികളെ തിരിഞ്ഞുനോക്കാതെ മന്ത്രിയും സര്‍ക്കാരും.
ടെട്രാപോഡ് രണ്ടാം ഘട്ട നിര്‍മാണം ദ്രുതഗതിയില്‍ ആരംഭിക്കുമെന്ന് കൃത്യം ഒരു വര്‍ഷം മുന്‍പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉറപ്പ് നല്‍കിയ പുത്തന്‍തോട്, കണ്ണമാലി എന്നിവിടങ്ങളിലെ മനുഷ്യര്‍ ഇപ്പോള്‍ പലായനത്തിന്റെ വക്കിലാണ്. കടല്‍ ഭിത്തിയും മണല്‍വാടയും തകര്‍ത്ത തിരമാലകള്‍ ഏത് നിമിഷവും വീട് പൂര്‍ണമായും തകര്‍ത്തേക്കുമെന്ന ഭീതിയിലാണ് അതിപ്പൊഴി സോണിയും, ഭാര്യ വിന്‍സിയും. വാടകവീടിലേക്ക് അഭയം തേടുകയാണ് ഈ കുടുംബം. കാട്ടുമ്മേല്‍ ഉണ്ണികൃഷ്ണന്റെ വീടിന്റെ മേല്‍കൂരയടക്കം തീരമാലകള്‍ തകര്‍ത്തത് രണ്ടാഴ്ച മുന്‍പാണ്. കടല്‍കയറിയെത്തിയെത്തിയത് പകല്‍ നേരത്തായതിനാല്‍ ജീവന്‍ നഷ്ടമായില്ല.
ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെ 10 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മാത്രമാണ് ടെട്രാപാഡുകള്‍ സ്ഥാപിച്ചുള്ള തീരസംരക്ഷണം സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതോടെയാണ് മറ്റ് പ്രദേശങ്ങളിലേക്കുള്ള കടല്‍കയറ്റം അതിരൂക്ഷമായതും. വരുംദിവസങ്ങളില്‍ കടലാക്രമണം ഇനിയും ശക്തമാകുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. പുത്തന്‍തോട് മുതല്‍ ബീച്ച് റോഡ് വരെ പത്ത് കിലോമീറ്റര്‍ ഭാഗത്തുള്ള ടെട്രാപോഡ് നിര്‍മാണം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ചെല്ലാനം മോഡല്‍ തീരസംരക്ഷണം യാഥാര്‍ഥ്യമാകൂ.