manjummal-boys-02

TOPICS COVERED

സാമ്പത്തിക തട്ടിപ്പ് നടത്തിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ളവരുടെ കള്ളപ്പണമിടപാടുകള്‍ സംബന്ധിച്ചാണ് ഇഡി അന്വേഷണം. സിനിമയ്ക്കായി ഒരു രൂപ പോലും നിർമാണ കമ്പനി ചിലവാക്കിയില്ലെന്നും പണം നല്‍കിയവരെ കരുതികൂട്ടി ചതിച്ചുവെന്നും പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്‍റെ പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരാണ് കേസിലെ പ്രതികള്‍. പാന്‍ ഇന്ത്യന്‍ ഹിറ്റായ പടം മുന്നൂറ് കോടിയിലേറെയാണ് വാരികൂട്ടിയത്. ചില്ലികാശ് മുടക്കാതെയായിരുന്നു പറവ ഫിലിംസിന്റെ ലാഭക്കൊയ്ത്ത്. പറവ ഫിലിംസിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് വഴി വിവിധ വ്യക്തികളിൽ നിന്നായി 28 കോടി 35 ലക്ഷം രൂപയാണ് സൗബിനും കൂട്ടരും വാങ്ങിയിട്ടുള്ളത്. 

ചില്ലികാശ് മുടക്കാതെയായിരുന്നു പറവ ഫിലിംസിന്റെ ലാഭക്കൊയ്ത്ത്

എന്നാല്‍ സിനിമയ്ക്കായി ഒരു രൂപ പോലും നിർമാതാക്കൾ മുടക്കിയിട്ടില്ല. ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ സിനിമയ്ക്ക് ചെലവായി. ഇതിന്‍റെ ഇരുപതിരട്ടിയാണ് നിര്‍മാതാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത്.  മൊത്തം കളക്ഷനിൽ നിന്നുള്ള നിർമാതാക്കളുടെ ഓഹരിയായി 45 കോടി രൂപ ഏപ്രിൽ മാസത്തില്‍ തന്നെ ലഭിച്ചു. 

സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങളിൽ നിന്നായി 96 കോടി രൂപയും വരുമാനമുണ്ടാക്കി. ഈ ദുരൂഹസാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. മലയാളത്തിലെ പലനിര്‍മാണ കമ്പനികളും നേരത്തെ തന്നെ ഇഡിയുടെയും ആദായി നികുതി വകുപ്പിന്‍റെയും നോട്ടപുള്ളികളാണ്. കോടികളുടെ കള്ളപ്പണംവെളുപ്പിക്കല്‍ സിനിമാ മേഖലുയമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സൗബിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. പറവ ഫിലിംസ് മാനേജര്‍ ഷോണ്‍ ആന്‍റണിയുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സൗബിന്‍ ഉള്‍പ്പെടെയുള്ളവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. സിറാജിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

ENGLISH SUMMARY:

ED investigation against Manjummal Boys film makers; Soubin will be questioned